ഷൂട്ടിങ്ങിനിടെ താന്‍ നേരിട്ട അപകടത്തെ കുറിച്ച് ആരാധകരുമായി പങ്കുവച്ച് സംഗീത സംവിധായന്‍ ശരത്. പുതിയ ചിത്രമായ ഹാദിയയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം. ഷൂട്ടിങ്ങിനുപയോഗിച്ച ഹെലികാം നിയന്ത്രണം വിട്ട് ശരത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോറിക്ക് മുകളില്‍ ഇരിക്കുകയായിരുന്നു ശരത്. തോളിനും കൈകള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്.

ചിത്രത്തിന് സംഗീതമൊരുക്കുന്ന ശരത് ഒരു രംഗത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ ഒരുപാട് നിര്‍ബന്ധിച്ചതിനാലാണ്  താന്‍ അഭിനയിക്കാന്‍ മുതിര്‍ന്നതെന്ന് ശരത് പറയുന്നു.

ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. വളരെ ശക്തിയായാണ് ഹെലികാം വന്ന് കയ്യിന്‍മേല്‍ വീണത്.  ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് ദൈവം മനസ്സിലാക്കി തന്ന ഒരു അനുഭവമായിരുന്നു ഇത്. എന്തായാലും എന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടായിരുന്നു. അതുപോലെ ഇഷ്ടമില്ലാത്തവര്‍ക്ക് സന്തോഷിക്കാന്‍ ഒരവസരം ദൈവം നല്‍കിയതായിരിക്കും-  ശരത് പറഞ്ഞു.

ഹെലികാം പോലുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരും സൂക്ഷിക്കണമെന്നും പ്രത്യേകിച്ച് കുട്ടികളുള്ള സ്ഥലങ്ങളില്‍ മുതിര്‍ന്നവര്‍ സൂക്ഷിക്കണമെന്നും ശരത് മുന്നറിയിപ്പു നല്‍കുന്നു.