ന്യൂയോര്‍ക്ക്: ഓസ്‌കറിൽ പുരുഷാധിപത്യവും വര്‍ണവിവേചനവുമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് . 46 ശതമാനം വനിതകള്‍ അടങ്ങിയ പട്ടികയാണ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്. അക്കാദമിയില്‍ വെള്ളക്കാരുടെ ആധിപത്യമാണെന്ന ആരോപണം വ്യാപകമായതിനാല്‍, 41 ശതമാനം മറ്റ് രാജ്യക്കാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 

അക്കാദമിയിലേക്ക് ഇന്ത്യന്‍ വംശജരായ മൂന്ന് വനിതകള്‍ക്ക് ക്ഷണം ലഭിച്ചു. പ്രമുഖ ഹിന്ദി നടി ഷര്‍മിള ടാഗോര്‍, ഫ്രിദ പിന്റോ, സംവിധായിക ദീപ മെഹ്ത എന്നിവര്‍ ഉള്‍പ്പെടുന്ന 683 പുതിയ അംഗങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അക്കാദമിയിലെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ 'ഓസ്‌കര്‍ സോ വൈറ്റ്' എന്ന ഹാഷ്ടാഗിലൂടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രതിഷേധം അടുത്തയിടെയായി നടന്നുവന്നിരുന്നു.

ഷര്‍മിള ടാഗോര്‍ 2004 മുതല്‍ 2011 വരെ സി.ബി.എഫ്.സി.യുടെ ചെയര്‍പേഴ്‌സണായി സേവനം അനുഷ്ഠിച്ചിരുന്നു. 2005-ല്‍ യുണിസെഫിന്റെ ഗുഡ്വിൽ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടു. 2009-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ ജൂറിയംഗമായിട്ടുണ്ട്.

2009-ല്‍ എട്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ  'സ്ലം ഡോഗ് മില്യണറി'ലൂടെയാണ് ഫ്രിദ പിന്റോ പ്രശസ്തയായത്. നിരവധി ഹോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

1996-ല്‍ ഏറെ വിവാദം സൃഷ്ടിച്ച ഫയര്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായക ദീപ മെഹ്ത ചലച്ചിത്രലോകത്ത് ശ്രദ്ധേയയാകുന്നത്. 1973-ല്‍ കാനഡയിലേക്ക് കുടിയേറിയ ഇവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ഇന്ത്യന്‍-ഇംഗ്ലീഷ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.