ശാരി| ചിത്രം: ജി.ആർ രാഹുൽ
ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ശാരി. പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ഡിജോ ജോസ് ചിത്രം 'ജനഗണമന'യിലൂടെയാണ് ഏഴു വർഷത്തിനു ശേഷം ശാരി വെള്ളിത്തിരയിലെത്തുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൊണ്ടാണ് താൻ ഇടവേളകൾ എടുത്തതെന്നും മകളാണ് തിരിച്ചുവരവിന് പ്രേരിപ്പിച്ചതെന്നും ശാരി പറയുന്നു.
'എന്റെ മകൾ സ്വന്തം കാലിൽ നിൽക്കാറായി. അവളിപ്പോൾ ഒരു കമ്പനികയിൽ ജോലി ചെയ്യുകയാണ്. വീട്ടിലിരുന്ന് ബോറടിക്കുന്നില്ലേ, വീണ്ടും അഭിനയിച്ചുകൂടേ എന്നൊക്കെ അവളാണ് എന്നോട് ചോദിച്ചത്. അത് കേട്ടപ്പോൾ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ നല്ല സിനിമകൾ വന്നാൽ ചെയ്യാമെന്ന് കരുതിയിരിക്കുമ്പോഴാണ് 'ജനഗണമന'യ്ക്കായി ഡിജോ വിളിക്കുന്നത്. ശബാന എന്ന കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. തിരിച്ചുവരവിനുള്ള അവസരമാണ് ഇതെന്ന് എനിക്ക് തോന്നി. മംമ്തയുടെ അമ്മയുടെ കഥാപാത്രമാണ്. ആദ്യമായാണ് ഞാൻ ഇത്തരമൊരു റോൾ ചെയ്യുന്നത്. അതിന്റെ എക്സൈറ്റ്മെന്റിലാണ്' -ശാരി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ശാരി പൃഥ്വിരാജിനൊപ്പം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 2007ൽ പുറത്തിറങ്ങിയ ശാഫി ചിത്രം 'ചോക്ലേറ്റി'ലും ഇരുവരും ഒന്നിച്ചിരുന്നു. ഇതിനിടെ പൃഥ്വിരാജിനുണ്ടായ മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും ശാരി പറഞ്ഞു. 'ചോക്ലേറ്റിൽ പൃഥ്വിയുടേത് ഒരു ഫൺ ക്യാരക്ടറായിരുന്നു. അങ്ങനെയാണ് പൃഥ്വിയെ കുറിച്ച് എന്റെ മനസ്സിലുള്ള ചിത്രം. എന്നാൽ, ഇപ്പോൾ വലിയ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. സിനിമയുടെ വ്യത്യസ്ത മേഖലകളെ കുറിച്ചുള്ള പൃഥ്വിയുടെ അറിവ് എന്നെ അമ്പരപ്പിച്ചു. കോമ്പിനേഷൻ സീനുകളിൽ എനിക്കത് ശരിക്കും അനുഭവപ്പെട്ടു.'
'സിനിമയിലെ പുതിയ തലമുറ വളരെ അഡ്വാൻസ്ഡ് ആണ്,' ശാരി തുടരുന്നു. 'വ്യത്യസ്തമായ ചിന്താഗതിയാണ് അവരുടേത്. സാങ്കേതികമായി കൃത്യമായ അറിവുണ്ട്. അത് സിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഒടിടി പോലുള്ള പ്ലാറ്റ്ഫോമുകളും സിനിമയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഒടിടിയായിരുന്നു പ്രധാന ആശ്രയം. ഇപ്പോഴും ധാരാളം സിനിമകൾ ഒടിടിയിൽ കാണുന്നുണ്ട്. അതിൽ വലിയൊരു ശതമാനവും മലയാള സിനിമകളാണ്' -അവർ കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..