ന്യന്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍മാതാവ് വി രവിചന്ദ്രന്റെ അനുവാദം തനിക്ക് ആവശ്യമില്ലെന്ന് സംവിധായകന്‍ ശങ്കര്‍. ചിത്രത്തിന്റെ പകര്‍പ്പവകാശം പൂര്‍ണമായും നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി രവിചന്ദ്രന്‍ ശങ്കറിന് നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ശങ്കറിന്റെ പ്രതികരണം. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്‌കാര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരന്‍ സുജാതയില്‍നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നുമാണ് രവിചന്ദ്രന്റെ വാദം.

'ഈ സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും അറിയാം ഈ കഥയും തിരക്കഥയും എനിക്ക് അവകാശപ്പെട്ടതാണെന്ന്. ഈ സിനിമ റിലീസ് ചെയ്തതും എന്റെ പേരിലാണ്. തിരക്കഥ എഴുതാനോ കഥ എഴുതാനോ ഞാന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടിരുന്നില്ല. എന്റെ അവകാശം ഒരു കാരണവശാലും മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാനാകില്ല. അന്യന്റെ കഥ എനിക്ക് എന്തും ചെയ്യാനാകും,' ശങ്കര്‍ പറഞ്ഞു. 

2005ലാണ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി അന്യന്‍ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമായിരുന്നു അന്യന്‍. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകര്‍ച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തില്‍ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ മുന്നിലാണ്.

Content Highlights: Shankar response To Anniyan Producer V Ravichandran Copyright Claims