ന്ത്യന്‍ സിനിമയില്‍ ബിഗ് ബജറ്റ് സിനിമകളുടെ രാജാവാണ് ഷങ്കര്‍. ഒരുപാട് അഭിനേതാക്കളെ സൂപ്പര്‍ നായക പദവിയിലേക്ക് എത്തിച്ച സംവിധായകനാണ് അദ്ദേഹം. അത്തരത്തില്‍ വിക്രമിന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഷങ്കര്‍ സിനിമയാണ് അന്യന്‍. 

അന്യന്റെ സെറ്റില്‍ ഇതുവരെ പുറം ലോകം അറിയാത്ത ഒരു സംഭവമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ. അന്യന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ പൊട്ടിക്കരഞ്ഞ സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറയുന്നത്. 

silva
സില്‍വ

''ഞങ്ങള്‍ അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു അത്. അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു. പീറ്റര്‍ ഹെയിന്‍ ഒരു ആശയം കണ്ടു അവതരിപ്പിച്ചു. രംഗം ചിത്രീകരിക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്ക്കാമെന്ന്.  

peter hein
 പീറ്റര്‍ ഹെയിന്‍

കഷ്ടകാലത്തിന് ആ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ രംഗത്തിന് തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു.

ഞങ്ങള്‍ അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു.''