കൊച്ചി; നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയായതായി അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. സംഘടന നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ പറഞ്ഞുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ന്‍ ഉടന്‍ പൂര്‍ത്തിയാക്കും. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കും. ഷെയ്‌ന്റെ തീരുമാനത്തെക്കുറിച്ച് അമ്മ നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്യും. അതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. 

സംഘടന എന്തു നിര്‍ദേശിക്കുന്നോ അത് അനുസരിക്കാമെന്ന് ഷെയ്ന്‍ നിഗം ഉറപ്പുനല്‍കിയിട്ടുണ്ട്. ആര് ജയിക്കുന്നു ആര് തോല്‍ക്കുന്നു എന്നല്ല വിഷയം, ഇരുവര്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ക്കും. മുടങ്ങിപ്പോയ മൂന്ന് സിനിമകളും തീര്‍ക്കും. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും, ഉപേക്ഷിക്കാന്‍ കഴിയില്ല. വിലക്കൊന്നും ഉണ്ടാകില്ല. നിര്‍മാതാക്കളുമായി ഇനി ചര്‍ച്ച നടത്തും- ഇടവേള ബാബു പറഞ്ഞു. 

നിര്‍വാഹക സമിതി യോഗത്തില്‍ ഷെയ്‌നും പങ്കെടുത്തിരുന്നു. പൂര്‍ത്തിയാക്കിയ സിനമകള്‍ ഉടന്‍ ഡബ്ബ് ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ആദ്യം ഷെയ്‌ന് മുന്നില്‍ വച്ചത്. 25 ലക്ഷം രൂപ കരാര്‍ ഉറപ്പിച്ച് ആരംഭിച്ച ഉല്ലാസം ഡബ്ബ് ചെയ്യാനായി 20 ലക്ഷം രൂപ കൂടി ഷെയ്ന്‍ അധികം ആവശ്യപ്പെട്ടതാണു വിവാദമായത്. അതെക്കുറിച്ചും ചര്‍ച്ച നടന്നു. എന്നാല്‍ അധിക പ്രതിഫലത്തിന്റെ കാര്യത്തില്‍ സംഘടനയെടുത്ത നിലപാട് എന്തെന്ന് വ്യക്തമല്ല. 

Content Highlights: Shane Nigam ready for compromise, Ullasam Veyil Movie, AMMA, Meeting, Mohanlal