കുമ്പളങ്ങി നൈറ്റ്സിനും ഇഷ്ക്കിനും ശേഷം ഷെയ്ന് നിഗം നായകനാകുന്ന പുതിയ ചിത്രം വരുന്നു. ഉല്ലാസം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഫസ്റ്റ്ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചയാകുന്നത്. നവാഗതനായ ജീവന് ജോജോ ആണ് ഉല്ലാസം സംവിധാനം ചെയ്യുന്നത്.
ഫസ്റ്റ് ലുക്കില്‍ ഷെയ്നിനെ കണ്ട് താരത്തിന് രണ്‍ബീര്‍ കപൂറിന്റെ ഛായയുണ്ടെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കൈതമറ്റം ബ്രദേഴ്സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന് ആണ് തിരക്കഥ. സ്വരൂപ് ഫിലിപ്പ് ക്യാമറ ചലിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികളിലൂടെ ശ്രദ്ധിക്കപ്പെട്ട ഛായാഗ്രഹകനാണ് സ്വരൂപ് ഫിലിപ്പ്.
പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട നടിയാണ് പവിത്ര. കാല, മാരി, പേട്ട, സിങ്കം തുടങ്ങിയ ചിത്രങ്ങളില്‍ നൃത്തസംവിധായകനായി പ്രവര്‍ത്തിച്ച ബാബ ഭാസ്കര്‍ ആണ് ഉല്ലാസത്തില്‍ നൃത്തസംവിധായകന്‍. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Content Highlights : Shane Nigam in Ullasam movie first look out