കൊച്ചി: നടൻ ഷെയ്ൻ നിഗമിനുള്ള നിർമാതാക്കളുടെ വിലക്ക് നീക്കാൻ സാധ്യത തെളിയുന്നു. സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രശ്നപരിഹാരമാർഗങ്ങൾ തേടണമെന്നുകാണിച്ച് ‘അമ്മ’ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‌ കത്തുനൽകി.

ചിത്രങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന ഷെയ്‌നിന്റെ നിലപാടിനെ മുൻനിർത്തിയാണ് ‘അമ്മ’യും ‘ഫെഫ്ക’യും ഇടപെടുന്നത്. സഹായമഭ്യർഥിച്ച് ഷെയ്‌നിന്റെ മാതാവ് കഴിഞ്ഞദിവസം ‘അമ്മ’യ്ക്ക്‌ കത്തുനൽകിയിരുന്നു. വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്റെ സുഹൃത്തുക്കൾ ‘ഫെഫ്ക’യെയും സമീപിച്ചിട്ടുണ്ട്.

മമ്മൂട്ടിയെയും മോഹൻലാലിനെയും ഇടപെടുവിക്കാനും നീക്കം നടക്കുന്നുണ്ട്. മോഹൻലാലുമായി ഇക്കാര്യം സംസാരിച്ചതായാണ്‌ വിവരം. ഷെയ്‌നിന്റെ ചിത്രങ്ങളുടെ സംവിധായകരുടെ കാര്യമാണ് ‘ഫെഫ്ക’ ഗൗരവത്തോടെ കാണുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ സംവിധായകർ നവാഗതരാണ്. ചർച്ചചെയ്താൽ തീരാവുന്ന പ്രശ്നങ്ങളുടെ പേരിൽ സിനിമ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന്‌ ‘ഫെഫ്ക’ ചൂണ്ടിക്കാട്ടുന്നു.

പ്രശ്നം പരിഹരിക്കാൻ അഭിനേതാക്കളുടെയും നിർമാതാക്കളുെടയും സംഘടനകൾ മുൻകൈയെടുക്കണമെന്നാണ് സർക്കാർ നിലപാടും.

content highlights: shane nigam, ban, AMMA, FEFKA