നിത്യഹരിതനായകനായി സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന പ്രേം നസീറിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മകനും നടനുമായ ഷാനവാസ് രംഗത്ത്. താത്പര്യമില്ലാതിരുന്നിട്ടും അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിക്കു വഴങ്ങിയാണ് നസീര്‍ രാഷ്ട്രീയ പ്രചരണത്തിനിറങ്ങിയതെന്നാണ് ഷാനവാസ് പറയുന്നത്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ മുഖ്യ മന്ത്രി കരുണാകരനും ചേര്‍ന്ന് നടത്തിയ ഭീഷണിക്കു വഴങ്ങി പ്രചരണത്തിനിറങ്ങിയെങ്കിലും മത്സരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്നും ഷാനവാസ് തുറന്നു പറയുന്നു.

ഷാനവാസിന്റെ വാക്കുകള്‍

അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയേ പറ്റുമായിരുന്നുള്ളൂ. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നാണ്. മസ്റ്റാണ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അതേ സമയത്തു തന്നെ വേറൊരു ഗ്യാങ്ങും പുള്ളിയെ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ തന്നെ ഫിനാന്‍സ് ചെയ്‌തോളാം. ഒന്നു വന്ന് നിന്ന് തന്നാല്‍ മതി. എന്നൊക്കെ പറഞ്ഞ്. അതിനും പുള്ളി ഡിപ്ലോമാറ്റിക് ആന്‍സേഴ്‌സ് ആണ് നല്‍കിയത്. കരുണാകരന്‍ പറഞ്ഞ് ഇന്ദിരാഗാന്ധിയും വീട്ടില്‍ വിളിച്ചു. ഒരു കുടുക്കില്‍ കുടുക്കി. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെയായിട്ട് വിരട്ടിത്തന്നു. അവര്‍ ചെറുതായിട്ടൊന്ന് കളിച്ചതാണ്. പുള്ളി ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റെയ്ഡും ഇല്ലായിരുന്നു. പര്‍പസ്‌ലി ആ ടൈമിലൊരു റെയ്ഡ്. ഇതൊക്കെ ചെയ്‌തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. കോളേജില്‍ പഠിക്കുമ്പോഴേ രാഷ്ട്രീയക്കാരനായിരുന്നു. എവിടെ നിന്നായാലും മത്സരിക്കാം,സെലക്ട് ചെയ്താല്‍ മതി എന്നായിരുന്നു പറഞ്ഞത്. ഞാന്‍ പ്രവര്‍ത്തിക്കാം, പ്രസംഗിക്കാം. എന്നാലും മത്സരിക്കാനില്ല എന്നു തീര്‍ത്തു പറഞ്ഞു.

Content Highlights : prem nazir supporter of congress party, shanavas actor about prem nazir