തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയില്‍ ഷംന കാസിമും.  ജയലളിതയുടെ സന്തതസഹചാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയെ ആണ് ചിത്രത്തില്‍ ഷംന കാസിം അവതരിപ്പിക്കുന്നത്.

തലൈവിയില്‍ അഭിനയിക്കുന്ന വിവരം ഷംന തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. 

"എഎല്‍ വിജയ് ഒരുക്കുന്ന 'തലൈവി' എന്ന ചിത്രത്തില്‍ ഞാനും ഭാഗമാകുന്നുണ്ടെന്ന  വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ഉരുക്കുവനിത ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും എന്നതും വിലപ്പെട്ട ഒരു അവസരമായി കരുതുന്നു'',  ഷംന കാസിം കുറിച്ചു.

shamna

ജയലളിതയായി ബോളിവുഡ് താരം കങ്കണ റണാവത്ത് എത്തുമ്പോള്‍ നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്.  

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്. 

ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്.

നിര്‍മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 'തായ്: പുരട്ചി തലൈവി' എന്നാണ് ഈ സിനിമയുടെ പേര്.

Content Highlights : Shamna Kasim To Play the role Of VK Sasikala In Jayalalitha's Biopic Thalaivi Kangana Ranaut AL Vijay