ഷമ്മി തിലകൻ, കൊല്ലം സുധി | ഫോട്ടോ: www.facebook.com/shammythilakanofficial, www.instagram.com/kollam_sudhi_
തൃശ്ശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ച വാർത്ത ഞെട്ടലോടെയാണ് കലാരംഗത്തിനകത്തും പുറത്തുമുള്ളവർ കേട്ടത്. ആകസ്മികമായ മരണത്തിൽ നിരവധി പേരാണ് അനുശോചനവുമായെത്തിയത്. കൂട്ടത്തിൽ നടൻ ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധി.പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവും..! ഷമ്മി തിലകൻ കുറിച്ചു.
ഷമ്മിയേട്ടാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു..! സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..! ഒപ്പം..; അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെയെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: shammy thilakan remembering late actor kollam sudhi, actor kollam sudhi passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..