"സിദ്ദിഖ് പറഞ്ഞതു ശരിയല്ല; സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്." മലയാളസിനിമയില്‍ ആരുടെയും അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും ജോലി സാധ്യതകള്‍ ഇല്ലാതാക്കിയിട്ടുമില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷമ്മിയുടെ പ്രതികരണം.

"സംവിധായകന്‍ വിനയന്റെ ചിത്രത്തിനു വേണ്ടി മുമ്പൊരിക്കല്‍ അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. മുകേഷിന്റെ ഇടപെടല്‍ കൊണ്ട് പിന്നീടത് തിരിച്ചു കൊടുക്കേണ്ടിയും വന്നു. നിര്‍ബന്ധിച്ചു തിരിച്ചു വാങ്ങുകയുമായിരുന്നു. മുകേഷ് അത് നിഷേധിച്ചിട്ടില്ല. നിഷേധിക്കുകയില്ല. അന്നു ഭയം കൊണ്ടാണതു ചെയ്തത്. തിലകന്റെ മകനായതു കൊണ്ടാകാം എന്നോട് അത്തരത്തിലൊരു സമീപനമുണ്ടായത്. " ഷമ്മി പറഞ്ഞു.

"അച്ഛന്റെ വിഷയം മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പദവിയോട് ബഹുമാനവും വിശ്വാസവുമുണ്ട്.

"സിദ്ദിഖ് പറഞ്ഞ ആ 5000 രൂപ എനിക്കും സംഘടന നല്‍കി വരുന്നുണ്ട്. സിനിമയില്‍നിന്നു വിരമിക്കാറായി എന്നാണോ 'അമ്മ' ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. കൈനീട്ടമെന്നാണ് അന്നതിനെ വിശേഷിപ്പിച്ചതെങ്കിലും സംഘടനയുടെ റിട്ടയര്‍മെന്റ്  സ്‌കീമിന്റെ ഭാഗമായാണ് എനിക്കും തുക ലഭിക്കുന്നത്. ആവശ്യമില്ലെന്നു തോന്നി ഞാനതു തിരികെ നല്‍കി. 

എ എം എം എ രൂപീകരിക്കുന്ന കാലം മുതല്‍ക്കുള്ള അംഗമാണ് ഞാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘടനക്ക് കോടികളുടെ ലാഭം നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ പ്രതിഫലമില്ലാതെ അഭിനയിച്ച താന്‍ വിരമിക്കണമെന്നാണോ സംഘടനയുടെ നിലപാടെന്നു വ്യക്തമല്ല."