മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുളള കേരള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ഷമ്മി തിലകന്‍. മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നല്‍കിയതാണ് ഷമ്മിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലഭിച്ച അംഗീകാരവും ആദരവുമാണ് ഇതെന്ന് ഷമ്മി കുറിച്ചു. ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ തന്റെ പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും ഇതിന് തന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഷമ്മി പറയുന്നു.

ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും..! അംഗീകാരം. ആദരവ്. അന്ന് ഗസല്‍, ഇന്ന് ഒടിയന്‍.
ആദ്യ പുരസ്‌കാര ലബ്ധിയില്‍ ഉണ്ടായതിലും കൂടുതല്‍ സന്തോഷം. .! 
കൂടുതല്‍ അഭിമാനം..! 
കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം..!

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ മഹനീയ പുരസ്‌കാരത്തിന്, അംഗീകാരത്തിന്; ബഹു.മുഖ്യമന്ത്രിയോടും, ബഹു.സംസ്‌കാരിക വകുപ്പ് മന്ത്രിയോടും, മറ്റ് വിവിധ വകുപ്പ് മന്ത്രിമാരോടും, ജൂറി അംഗങ്ങളോടും, ബന്ധപ്പെട്ട മറ്റ് മഹനീയ വ്യക്തിത്വങ്ങളോടും, എനിക്കുള്ള നന്ദിയും, കടപ്പാടും, സ്‌നേഹവും വിനയപുരസ്സരം അറിയിക്കുന്നു..!

എന്റെ പിതാവിന് ഔദ്യോഗിക രംഗത്ത് നേരിട്ട വിഷമതകള്‍ക്ക് പരിഹാരം കണ്ടെത്താം എന്ന് ലാലേട്ടന്‍ വാഗ്ദാനം നല്‍കിയതിനാലും എന്റെ പിതാവിനോട് ഇപ്പോഴും ലാലേട്ടന്‍ കാണിക്കുന്ന സ്‌നേഹാദരങ്ങള്‍ക്കും, ഞാന്‍ തിരിച്ചുനല്‍കുന്ന ഉപകാരസ്മരണ ആയിട്ടായിരുന്നു ഒടിയനിലെ പ്രതിനായക കഥാപാത്രത്തിന് ഞാന്‍ ഡബ്ബ് ചെയ്തത്.!

ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ എന്റെ പിതാവിന്റെ കാല്‍പാദങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു..ഒപ്പം, ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു..!

നിശ്ചയദാര്‍ഢ്യത്തോടെ എന്നെ പിന്‍തുടര്‍ന്ന് എന്റെ #ഉള്ളിലിരിപ്പ് മനസ്സിലാക്കി എന്റെ ആവശ്യം ലാലേട്ടന്റെ മുമ്പാകെ അവതരിപ്പിച്ച് എന്നെ അദ്ദേഹത്തിങ്കലേക്ക് എത്തിച്ച സംവിധായകന്‍ ശ്രീകുമാര്‍_മേനോന്‍..!

എന്റെ ആവശ്യം സ്വന്തം ആവശ്യമായി കണ്ട്, അതിനുവേണ്ടി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ലാലേട്ടന്‍..!എന്റെ അര്‍പ്പണബോധത്തിന് വിലപേശാന്‍ നില്‍ക്കാതെ; ഇനിയുള്ള ലാലേട്ടന്‍ ചിത്രങ്ങളില്‍ അവസരങ്ങള്‍ വാഗ്ദാനം നല്‍കി എന്നെ ആശീര്‍വദിച്ച നിര്‍മ്മാതാവ് ആന്റണി_പെരുമ്പാവൂര്‍..!

ശബ്ദലേഖനം നിര്‍വഹിച്ച വിസ്മയ സ്റ്റുഡിയോവിലെ റിക്കോര്‍ഡിസ്റ്റ് സുബൈര്‍..! എന്റെ അനുഭവ സമ്പത്ത് പരിഗണിച്ച്, എന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എന്നോട് സഹകരിച്ച മറ്റ്_നടീനടന്മാര്‍..!
വിശിഷ്യാ..; അവസാന റൗണ്ടില്‍ മത്സരരംഗത്ത് ഇല്ലാതിരുന്നിട്ടുകൂടി, എന്റെ പ്രകടനം വിലയിരുത്തുന്നതിനായി മാത്രം 'ഒടിയന്‍' സിനിമ 'തിരികെ വിളിപ്പിച്ച്' കണ്ട് തീരുമാനം കൈക്കൊണ്ട ജൂറി_അംഗങ്ങള്‍..!

എല്ലാവര്‍ക്കും_നന്ദി..!

Content Highlights : Shammy Thilakan On Recieving Kerala State Film Awards For Best Dubbing Artist