തന്നെ കരാര്‍ പറഞ്ഞ സിനിമയില്‍ നിന്ന് ഒഴിവാക്കിയത് തന്റെ പേരില്‍ തിലകന്‍ ഉണ്ടായിരുന്നത് കൊണ്ടാകാമെന്ന് നടന്‍ ഷമ്മി തിലകന്‍. നേരത്തെ മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ പുറത്താക്കിയതില്‍ പരിഹാസവുമായി ഷമ്മി ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് താഴെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഷമ്മി. ചിത്രത്തില്‍ നിന്ന്  പുറത്താക്കിയതിന്റെ സത്യാവസ്ഥ എന്താണെന്ന ചോദ്യത്തിനാണ് തന്റെ പേരില്‍ തിലകന്‍ ഉണ്ടായതിനാലാണ് പുറത്താക്കിയതെന്ന് ഷമ്മി മറുപടി നല്‍കിയത്.

മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്ത് വന്നിട്ടും എന്തുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമായില്ല എന്ന ചോദ്യത്തിനും ഷമ്മി മറുപടി നല്‍കുന്നുണ്ട്. 'തന്റെ അച്ഛന് മക്കളേക്കാള്‍ സ്‌നേഹം ഉണ്ടായിരുന്നത് ലാലേട്ടനോടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.

സംഘടന തിലകനോട് കാണിച്ച അനീതിക്ക് പ്രായ്ശ്ചിത്തം മാത്രമായിരുന്നു തന്റെ ആവശ്യം അതിന് പരിഹാരമുണ്ടാക്കാമെന്ന് മോഹന്‍ലാല്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നു'വെന്നും ഷമ്മി പറയുന്നു.

മോഹന്‍ലാലിന്റെ താത്പര്യാര്‍ത്ഥമാണ് താന്‍ ഒടിയനില്‍ പ്രതിനായകനായ പ്രകാശ് രാജിന്  ശബ്ദം നല്‍കിയതെന്നും പ്രതിഫലേച്ഛ കൂടാതെ ഒരു മാസത്തോളം ഒടിയന് വേണ്ടി ചിലവഴിച്ചത് ആ ഉറപ്പിനോടുള്ള ഉപകാരസ്മരണ മാത്രമാണെന്നും ഷമ്മി പറയുന്നു. കൂടാതെ തനിക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്നും തന്റെ വിഷയം മോഹന്‍ലാല്‍ പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു  

ഷമ്മിയുടെ കുറിപ്പ്

എന്റെ പിതാവിന് മക്കളോട് ഉള്ളതിനേക്കാള്‍ സ്‌നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം. അതുതന്നെയാണ് എന്റെ പ്രതീക്ഷയും.. എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ യാതൊന്നും തന്നെ പരിഹാരം തേടി ഞാന്‍ പോയിട്ടില്ല..! എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം. അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങില്‍ ലാലേട്ടന്‍ എനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

തുടര്‍ന്ന് അദ്ദേഹത്തിന്റെ താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ 'ഒടിയന്‍' സിനിമയില്‍ പ്രതിനായകന് ശബ്ദം നല്‍കുകയും(ക്ലൈമാക്‌സ് ഒഴികെ), മറ്റു കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാന്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാര്‍ മേനോനെ സഹായിക്കാന്‍ ഒരു മാസത്തോളം ആ സ്റ്റുഡിയോയില്‍ പ്രതിഫലേച്ഛ ഇല്ലാതെ ഞാന്‍ കുത്തിയിരുന്നത് 07/08/18-ല്‍ എനിക്ക് ലാലേട്ടന്‍ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു. എന്റെ ഭാഗം കഴിഞ്ഞു..! ഇനി ലാലേട്ടന്റെ കയ്യിലാണ്...
അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം....!

shammy

Content Hights : Shammy Thilakan On Mohanlal AMMA Thilakan Ban From AMMA Shammy thilakan Odiyan Prakash Raj Dubbing