-
നടൻ മമ്മൂട്ടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റി നടൻ ഷമ്മി തിലകൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മമ്മൂട്ടിയോടൊപ്പം ആദ്യമായി പ്രവർത്തിച്ച 'കഥയ്ക്കു പിന്നിൽ' എന്ന സിനിമ മുതലുള്ള അദ്ദേഹത്തിന്റെ കരുതലും താനൊരു നടനായ ശേഷം ആ കരുതലിൽ സംഭവിച്ച മാറ്റത്തെയും കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ്
ഷമ്മി തിലകൻ പങ്കുവച്ച കുറിപ്പ്
#കുത്തിപ്പൊക്കൽ_പരമ്പര.
(Kadhakku Pinnil-1987. Script : Dennis Joseph. Direction : K.G.George.
സിനിമയിലെ എൻറെ ഗുരു സ്ഥാനീയരിൽ പ്രഥമ സ്ഥാനത്തുള്ള K.G.ജോർജ് സാറിൻറെ കൂടെ #ഇരകൾ എന്ന ചിത്രത്തിന് ശേഷം വർക്ക് ചെയ്ത സിനിമയാണ് #കഥയ്ക്കു_പിന്നിൽ..!
ശ്രീ. ഡെന്നിസ് ജോസഫിന്റെ രചനയിൽ..; ഇന്നത്തെ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം എൻറെ പിതാവ്, ലാലു അലക്സ്, ദേവിലളിത തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്..; 1987-ൽ റിലീസ് ചെയ്ത ചിത്രത്തിൽ സഹസംവിധായകൻ ആയിരുന്നു ഞാൻ.
ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും, അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത ആദ്യ സിനിമയാണ് #കഥയ്ക്കു_പിന്നിൽ..!
ആ ലൊക്കേഷനിൽ എനിക്ക് ഏറ്റവും സപ്പോർട്ട് നൽകിയിരുന്നതും, എന്നെ ചേർത്ത് നിർത്തിയിരുന്നതും മമ്മൂക്കയായിരുന്നു.
ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികൾ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓർമ്മയിലില്ല.
എന്നാൽ..; പിന്നീട് സൂപ്പർതാര പദവിയിൽ എത്തിയ അദ്ദേഹത്തെ പലരും ജാടക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിൻറെ കൂടെ പിൽക്കാലത്ത് വന്ന "സിൽബന്ധികൾ" തന്നെയാണെന്ന് നിസ്സംശയം എനിക്ക് പറയാൻ പറ്റും. കാരണം..; അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞ..; അദ്ദേഹത്തിൻറെ നന്മ തിന്മകൾ തിരിച്ചറിഞ്ഞ..; പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ..! അതുകൊണ്ടുതന്നെ ആ സെറ്റിൽ അദ്ദേഹം "ഡയറക്ടർ സാറേ" എന്ന് സ്നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന ഞാൻ അദ്ദേഹത്തിൻറെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പോഴും..!
അന്ന് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന സ്നേഹത്തിൻറെയും, കരുതലിന്റേയും ആഴം..; അദ്ദേഹത്തിൻറെ തന്നെ നിർബന്ധപ്രകാരം എടുത്ത ഈ ഫോട്ടോയിൽ കാണാം..!
എന്നാൽ..; പിൽക്കാലത്ത് ഞാൻ ഒരു നടനായി മാറിയതിനു ശേഷം..; ഈ സ്നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്..!
പക്ഷേ..; സിൽബന്ധികൾ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂർവ്വം ചില വേളകളിൽ പഴയ മമ്മൂക്കയെ വീണ്ടും കാണാനും, അടുത്തിടപഴകാനും സാധിച്ചു എന്ന വസ്തുത കൂടി ഓർമ്മിപ്പിക്കാതിരുന്നാൽ ഞാൻ എന്നോട് തന്നെ കാട്ടുന്ന ആത്മവഞ്ചനയാകും എന്നതും പറയാതെ വയ്യ..!
ഒപ്പം..; ഞങ്ങളെയൊക്കെ തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന #ആട്ടിൻതോലിട്ട_ചെന്നായ്ക്കൾ ആയ താര സിൽബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു..!
ഒരിക്കൽ പരമശിവന്റെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ് ഗരുഢനോട് ചോദിച്ചു. "ഗരുഢാ സൗഖ്യമോ"..? എന്ന്..! അപ്പോൾ ഗരുഢൻ പറഞ്ഞു..; "ഇരിക്കേണ്ടിടത്ത് ഇരുന്നാൽ എല്ലാവർക്കും, എപ്പോഴും സൗഖ്യം തന്നെയായിരിക്കും"..!!
#തുടരും....
Contentb Highlights : Shammy Thilakan about Mammooty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..