ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു 2003-ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കസ്തൂരിമാൻ. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും നായികാനായകന്മാരായെത്തിയ ചിത്രം പ്രണയ കഥയാണ് പറഞ്ഞത്. ഷമ്മി തിലകനാണ്  ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയ്തത്. ഷമ്മിയുടെ ഇടിയൻ രാജപ്പൻ എന്ന കഥപാത്രം അത്രമേൽ വെറുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുരിച്ചും ഇടിയൻ രാജപ്പനെന്ന കഥാപാത്രത്തെ്കുറിച്ചുമുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഷമ്മി. ഘട്ടം ഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിതദാസ് ജന്മം നൽകിയതെന്നും തന്നിൽ വിശ്വാസമർപ്പിച്ച ലോഹിതദാസിന് നന്ദി പറയുന്നുവെന്നും ഷമ്മി കുറിക്കുന്നു.

ഷമ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

‌ഇടിയൻ_രാജപ്പൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കഥാപാത്രം, ചെയ്യുവാൻ എന്നെ ലോഹിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത്..; ഇത് ഒരു കാമ്പസ് പ്രണയകഥയാണ്..; ഇതിൽ, 'ഗസ്റ്റ് അപ്പിയറൻസ്' ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്..; ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്..! അങ്ങനെ പോയി ചെയ്ത സീനുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.!

എന്നാൽ..; ഈ സീനുകൾ ഷൂട്ട് കഴിഞ്ഞ് ഞാൻ മടങ്ങി പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു..; ഷമ്മീ, ചിലപ്പോൾ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും..; ചാക്കോച്ചന്റെ കൂടെ ഒരു സീൻ കൂടി ഉൾപ്പെടുത്തുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്..! അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളിൽ നിന്ന് കൊണ്ടുള്ള സീൻ..! ആ സീനും കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞു. "ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും". എന്ന്..! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടൻ ജന്മം കൊടുത്തത്.
ഈ സിനിമയിൽ ഞാൻ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വൻസിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.👇👇👇

ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം..
2003-ൽ സഹനടനുള്ള സംസ്ഥാന അവാർഡിന് അവസാനം വരെ പരിഗണനയിൽ ഉണ്ടായിരുന്ന ഈ കഥാപാത്രം..; പ്രസ്തുത ചിത്രം തമിഴിൽ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടൻ ഏല്പിച്ചത്..!
നന്ദി ലോഹിയേട്ടാ..! എന്നിൽ അർപ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!

Content Highlights : Shammy Thilakan About his Character In Kasthuriman Movie Lohitadas Kunchacko Boban Meera