ഷമ്മി തിലകൻ, ഇടവേള ബാബു
താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത് വന്നിരുന്നു. ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉള്‍പ്പെടുത്തി എന്നതാണ് വിമര്‍ശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് ജനറല്‍ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകന്‍ ആവശ്യപ്പെടുകയും ചെയ്തു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷമ്മി തിലകന്‍ നിലപാട് വ്യക്തമാക്കിയത്.
ഷമ്മി തിലകന്റെ പോസ്റ്റിന് താഴെ ഒട്ടനവധി പേര്‍ ഇടവേള ബാബുവിനെയും സംഘടനയെയും വിമര്‍ശിച്ച് രംഗത്തെത്തി. സെക്രട്ടറിയുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് കൂടെ സമര്‍പ്പിക്കാമായിരുന്നുവെന്ന് ഒരാള്‍ കുറിച്ചപ്പോള്‍, അതിന് സമയമായില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. 'ഈ സംഘടനകൊണ്ട് ആര്‍ക്കെങ്കിലും ഉപയോഗമുണ്ടോ' എന്ന് മറ്റൊരാള്‍ ചോദിച്ചു. അതിന് നല്‍കിയ ഷമ്മി തിലകന്‍ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
''ഇടങ്കോലു'മാര്‍ക്ക്. അംബാനിയെ വരെ വിലക്കെടുക്കാന്‍ പറ്റും ഇവനൊക്കെ. ഇത് സാമ്പിളല്ലേ. ത്രിശ്ശൂര്‍ന്ന് പൂരം നമുക്ക് ഇരിങ്ങാലക്കുടക്കങ്ങട് മാറ്റാന്നേ..!''- എന്ന് ഷമ്മി തിലകന്‍ കുറിച്ചു.
.jpg?$p=8a7b7b1&&q=0.8)
ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വാര്‍ത്താക്കുറിപ്പിലുള്ളത്. ഇത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഷമ്മി തിലകന്‍ പറയുന്നത്.
അച്ചടക്കസമിതി പരിഗണിച്ചുകൊണ്ടിരിക്കുന്ന തന്റെ വിഷയം 'മീ ടൂ' ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐ.സി.സിയുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ് എന്ന് അദ്ദേഹം ചോദിക്കുന്നു. ഇടവേള ബാബുവിന്റെ പ്രസ്താവന മനഃപൂര്‍വം സമൂഹത്തിന്റെ മുമ്പില്‍ തന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണെന്നും ഷമ്മി തിലകന്‍ ആരോപിക്കുന്നു.
Content Highlights: Shammi Thilakan, Idavela Babu, AMMA ,Vijay Bau Sexual abuse Case controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..