ഇരുപത്തൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. മണിരത്‌നത്തിന്റെയും നടന്‍ മാധവന്റെയും പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ശാലിനി അഭിനയിക്കുന്നത്. 

മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. മലയാള ചിത്രം നിറത്തിന്റെ റീമേക്കായിരുന്നു പിരിയാത വരം വേണ്ടും. 2000 നടന്‍ അജിത്തുമായുള്ള വിവാഹശേഷം ശാലിനി അഭിനയത്തോട് വിടപറയുകയായിരുന്നു. 

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. 

Content Highlights: Shalini Ajith to act in Ponniyin Selvan Maniratnam Movie says reports