മലയാള സിനിമയില്‍ ഒരുപിടി വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് ഷാജു ശ്രീധര്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഷാജു ശ്രീധര്‍ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. 

25 വര്‍ഷമായി ഷാജു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് എന്നാല്‍ ആദ്യമായി തനിക്ക് കിട്ടിയ അംഗീകാരമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കഥാപാത്രമെന്ന് ഷാജു  ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള ഒരു പോസ്റ്ററും ഷാജു ഇതോടൊപ്പം പങ്കുവയ്ച്ചു. സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് ഷൈജു പ്രത്യേക നന്ദിയും രേഖപ്പെടുത്തി. അരുണ്‍ ഗോപിയുടെ അരങ്ങേറ്റ ചിത്രമായ രാമലീലയിലും ഷാജു  ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി ഇന്തൊനീഷ്യയിലെ ബാലിയില്‍ ഒരു മാസത്തോളം താമസിച്ചു സര്‍ഫിങ് പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. 

shaju sreedhar

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കള്‍ ഒരുമിച്ച് സക്രീനില്‍ എത്തുന്നത് പുതുമയുള്ള ഒരു കാഴ്ചയായിരിക്കും

 ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് നായിക. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights:Shaju Sreedhar on irupathiyonnam noottandu pranav mohanlal arun gopy movie release