വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന ചൊല്ല് വേണമെങ്കില്‍ ചേരും പുതിയ കാലത്തെ മലയാള സിനിമയ്ക്ക്. കൈയിലൊരു ക്യാമറയുണ്ടോ, മനസ്സിലൊരു കുഞ്ഞ് കഥയുണ്ടോ. സംവിധായകനായി. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയായി. ഒന്നോ രണ്ടോ സിനിമകളില്‍ സഹായിയാവുന്നത് തന്നെ വലിയ അനുഭവസമ്പത്താവുന്നവര്‍ക്ക് മുന്നില്‍ ഒരു അത്ഭുതം തന്നെയാണ് ഷാജി പാടൂര്‍.

സ്വന്തമായി ഒരു സിനിമയെടുക്കാന്‍ ഒരുങ്ങി വരുമ്പോള്‍ ഷാജിയുടെ കൈമുതല്‍ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമല്ല. ഒരു വലിയ കാത്തിരിപ്പിലൂടെ ആര്‍ജിച്ച അനുഭവജ്ഞാനം കൂടിയുണ്ട്. ഒന്നോ രണ്ടോ അല്ല, അസിസ്റ്റന്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറ്ടറായും പതിനഞ്ച് കൊല്ലമാണ് ഒരു സ്വതന്ത്ര സംവിധായകനാവാന്‍ ഷാജി കാത്തിരുന്നത്. ഒപ്പം പ്രവര്‍ത്തിച്ചവരാവട്ടെ, ജോഷി, വൈശാഖ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, ഹനീഫ് അദേനി...

ഇതിനിടെ പലരും കഥ പറഞ്ഞു. ഒരുപാട് തിരക്കഥകള്‍ കൈയില്‍ വന്നു. പലരും വിളിച്ചു. എല്ലാം നിരസിച്ച് ഷാജി സംവിധാനത്തില്‍ പലരെയും സഹായിച്ചുകൊണ്ടിരുന്നു. നല്ല സിനിമയുടെ സ്വപ്നവുമായി കാത്തിരുന്നു.

ഷാജിയുടെ കാത്തിരിപ്പ് വെറുതെയായില്ല. സ്വന്തമായി ഒരുക്കുന്ന ആദ്യ ചിത്രത്തില്‍ തന്നെ നായകനാവുന്നത് പലവട്ടം ക്ഷണം വച്ചു നീട്ടിയ മെഗാസ്റ്റാര്‍ മമ്മൂട്ടി. ആദാമിന്റെ സന്തതികള്‍ എന്ന ചിത്രം മമ്മൂട്ടി പ്രഖ്യാപിച്ചതാവട്ടെ തന്റെ പിറന്നാളിനും. മമ്മൂട്ടിയുടെ ഹനീഫ് അദേനി ചിത്രമായ ഗ്രേറ്റ്ഫാദറിന്റെ സംവിധാന സഹായിയായിരുന്നു ഷാജി. ഗ്രേറ്റ്ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി കന്നി ചിത്രത്തിന് തിരക്കഥയൊരുക്കുന്നു എന്നത് മറ്റൊരു കൗതുകമായി.

പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കാക്കിയണിഞ്ഞ പോലീസാണെന്നും അല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അതെന്തായാലും പോലീസ് വേഷമാണെങ്കില്‍ ആരാധകര്‍ക്കുള്ള വെടിമരുന്ന് അതിലുണ്ടാവും എന്നുറപ്പ്. സിനിമയ്ക്കൊപ്പം നടന്ന ഒന്നര പതിറ്റാണ്ടിനെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചും ചിലത്‌ പറയാനുണ്ട് സംവിധായകന്.

ആഗ്രഹമുണ്ടായിരുന്നു, മടിയായിരുന്നു വില്ലൻ

സ്വതന്ത്രമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഇഷ്ടപ്പെട്ട് ഒരു സ്‌ക്രിപ്റ്റ് കിട്ടിയില്ല. അങ്ങിനെ ആ ആഗ്രഹം നീണ്ടുപോയി. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എന്ന് പറയാന്‍ പറ്റില്ല. എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പലരും അതിനിടയില്‍ ചില തിരക്കഥകളുമായൊക്കെ വന്നിരുന്നു. പക്ഷെ അതൊന്നും ചെയ്യാന്‍ തോന്നിയില്ല. 

പതിനഞ്ച് കൊല്ലം, പല സംവിധായകര്‍

ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും വ്യത്യസ്തരാണ് എല്ലാവര്‍ക്കും ഓരോ ശൈലിയുണ്ട്. എന്നേക്കാള്‍ പരിചയം കുറവുള്ള യുവസംവിധായകര്‍ക്കൊപ്പവും ജോലി ചെയ്തു. അതില്‍ ഒട്ടും സങ്കടം തോന്നിയിട്ടില്ല. കാരണം അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

നായകനായി മമ്മൂട്ടി

മമ്മൂക്ക എന്നോട് 15 വര്‍ഷമായി സിനിമ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ട്. എന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമം ഉണ്ടായില്ല. ആദ്യചിത്രത്തില്‍ മമ്മൂക്ക നായകനാകുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഹനീഫ് അദേനിയുടെ സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. 

വീണ്ടും കാക്കിയണിഞ്ഞ മമ്മൂട്ടി

മമ്മൂക്ക നിരവധി തവണ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇതിലും പോലീസ് തന്നെ. വെല്ലുവിളിയാണ്. സിനിമയെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.