തീയേറ്ററുകളെ പൂരപ്പറമ്പാക്കി മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേരുകയാണ് സംവിധായകൻ ഷാജി കൈലാസ്. 

"ചരിത്രമാവട്ടെ..ചരിത്രങ്ങളുടേയും ചരിത്രം..
കേരളത്തിന്റെ കടൽ ഞരമ്പുകളിൽ കപ്പലോട്ടങ്ങളുടെ ഇതിഹാസങ്ങൾ തീർത്ത ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ കാഹളങ്ങൾക്കു കാതോർക്കുകയായി...
വിദേശി പടയെ സാമൂതിരിയുടെ മണ്ണിൽ നിന്നും തുരത്തുമെന്ന ദൃഢ പ്രതിജ്ഞ ട്രെയ്ലറിൽ കണ്ടപ്പോൾ കോരിത്തരിച്ചു പോയി..

ലോകനിലവാരമുള്ള സാങ്കേതികത്തികവുകൾ മലയാളത്തിലും സാധ്യമാകും എന്ന് തെളിയിച്ച പ്രിയദർശനും എന്നും വിജയങ്ങളുടെ മേഘനിർഘോഷങ്ങൾ തീർക്കാറുള്ള മോഹൻലാലിനും ഈ ബിഗ് ബജറ്റ് ചിത്രത്തെ മലയാളിക്ക് സമ്മാനിക്കുന്ന ആശീർവാദിനും ആന്റണി പെരുമ്പാവൂരിനും എന്റെ ഹൃദയത്തിൽ നിന്നൊരു ദഫ്‌മുട്ട്..
ഇതൊരു ചരിത്രമാവട്ടെ..ചരിത്രങ്ങളുടെ ചരിത്രം..വീരേതിഹാസങ്ങളുടെ ചരിത്രം..വിസ്മയങ്ങളുടെ ചരിത്രം.. കുഞ്ഞാലി മരക്കാർ ഒരു വ്യക്തിയല്ല..ഒരാശയമാണ്..ഒരിക്കലും തോൽക്കില്ല എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം...." ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ചരിത്രം കുറിച്ചാണ് മരക്കാർ തീയേറ്ററുകളിലെത്തിയത്. അർദ്ധരാത്രി 12 മണിക്ക് തുടങ്ങിയ ഫാൻസ് ഷോ മുതൽ ആരാധകർ ആഘോഷമാക്കുകയാണ്. കൊച്ചി സരിതാ തീയേറ്ററിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ മോഹൻലാലും കുടുംബവും എത്തിയത് ആരാധകരെ ആവേശത്തിലാഴ്ത്തി. 

റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. 

content Highlights : shaji Kailas on Marakkar Movie Mohanlal Priyadarshan, Marakkar Review