നടൻ പൃഥ്വിരാജിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സാങ്കേതികതയെക്കുറിച്ചുള്ള അവഗാഹമാണ് പൃഥ്വിരാജിൽ‍ താൻ കാണുന്ന പ്രത്യേകതയെന്ന് ഷാജി കൈലാസ് പറയുന്നു. പൃഥ്വിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന 'ലൂസിഫർ' തനിക്ക് പ്രേരണയായെന്നും ഷാജി കൈലാസ് കുറിക്കുന്നു.

ഷാജി കൈലാസ് പങ്കുവച്ച കുറിപ്പ്

രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെൻസിന്റെയും പ്രത്യേകത... ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. 

ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും  രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ. 

രാജുവിന് ദീർഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു...\

പൃഥ്വിയെ നയകനാക്കി കടുവ എന്ന ചിത്രം ഷാജി കൈലാസ് പ്രഖ്യാപിച്ചിരുന്നു. ജിനു എബ്രഹാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെക്കുകയായിരുന്നു. മോഹൻലാൽ നായകനാവുന്ന 'എലോൺ' ആണ് ഷാജി കൈലാസ് ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രം. 

content highlights : Shaji Kailas Birthday wishes to Prithviraj Sukumaran Kaduva Movie