നരസിംഹത്തിലെ മോഹൻലാലിന്റെ ഇൻട്രോ സീൻ, ഷാജി കൈലാസ് | ഫോട്ടോ: സ്ക്രീൻ ഗ്രാബ്, വി.പി. പ്രവീൺകുമാർ | മാതൃഭൂമി
മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണം പറഞ്ഞ ആക്ഷൻ സിനിമകളിലൊന്നാണ് 'നരസിംഹം'. 2000-ൽ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ പണം വാരിപ്പടമായിരുന്നു. സിനിമയിലെ ഏറ്റവും വലിയ പ്രത്യേകത നായകനായ മോഹൻലാലിന്റെ ഇൻട്രോ സീനായിരുന്നു. വെള്ളത്തിനടിയിൽനിന്ന് ഉയർന്നു വരുന്ന ഇന്ദുചൂഡന്റെ രംഗം ക്ലാസിക് മാസ് ഇൻട്രോ ആയാണ് വിലയിരുത്തുന്നത്. ഭാരതപ്പുഴ പശ്ചാത്തലമായ ഈ രംഗത്തേക്കുറിച്ചുള്ള ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
സിനിമയിൽ നായകൻ ഭാരതപ്പുഴയുടെ അടിയിൽനിന്ന് ഉയർന്നു വരുന്നതായിട്ടാണെങ്കിലും സത്യത്തിൽ ഈ രംഗം ചിത്രീകരിച്ചത് ഒരു കുളത്തിലാണെന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ക്ലബ് എഫ്എ.മ്മിന്റെ ക്ലബ് സ്റ്റുഡിയോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത് ജിനു എബ്രഹാമും ഷാജി കൈലാസിനൊപ്പമുണ്ടായിരുന്നു.
ലാൽ പിറ്റേന്ന് വരികയാണ്. വെള്ളത്തിലിറങ്ങിയുള്ള രംഗമായതിനാൽ ആദ്യം ഒരാളെ പുഴയിലിറക്കി പൊസിഷൻ നോക്കണമായിരുന്നു. കരയിൽ പത്ത് എണ്ണുമ്പോഴേക്കും മുങ്ങിക്കിടക്കുന്നയാൾ ഉയർന്നുവരണം. ട്രയൽ ഷോട്ട് എടുക്കുമ്പോൾ 20 വരെ എണ്ണിയിട്ടും പുഴയിൽ മുങ്ങിയ ആളെ കാണാനില്ല. ആരെങ്കിലും ചാടിനോക്ക് എന്ന് പറഞ്ഞപ്പോഴുണ്ട് ദൂരെ നിന്ന് ഒരാൾ സാർ എന്ന് വിളിക്കുന്നു. നേരത്തേ പുഴയിലിറങ്ങിയ ആളാണ്. പുഴയുടെ അടിയൊഴുക്കിൽ അയാൾ ഒഴുകിപ്പോകുകയായിരുന്നു. പിന്നെ കുളത്തിൽ വെച്ചാണ് മോഹൻലാലിന്റെ ഇൻട്രോ ഷൂട്ട് ചെയ്തത്. ഷാജി കൈലാസ് പറഞ്ഞു.
'നരസിംഹ'ത്തിലെ ഒരു ഗാനരംഗത്തിൽ യഥാർത്ഥ സിംഹത്തെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതിനേക്കുറിച്ചും സംവിധായകൻ മനസുതുറന്നു. "പ്രവീൺ പരപ്പനങ്ങാടി എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ് സിംഹത്തെ ഏർപ്പാടാക്കിയത്. സിംഹത്തിന്റെ വയറിലാണ് കെട്ടുന്നത്. ഈ കയറിൽ ഒരാൾ പിടിക്കും. ക്യാമറയുടെ ഒപ്പം വേറെ ഒരാൾ നില്ക്കും. ക്യാമറ ഓണാക്കി ചിത്രീകരണം തുടങ്ങി. ആ സ്ഥലം മണലായിരുന്നതിനാൽ കയർ പിടിച്ചയാൾ വീഴുകയും സിംഹം കയ്യിൽനിന്ന് പോവുകയും ചെയ്തു. ക്യാമറ ലക്ഷ്യമിട്ട് സിംഹം വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ഒരുവിധം പേർ ഓടി രക്ഷപ്പെട്ടു. ഞാനും, ക്യാമറാമാൻ സഞ്ജീവ് ശങ്കറും സിംഹത്തിനൊപ്പമുള്ള മറ്റേയാളും മാത്രം. സിംഹം അടുത്തെത്തിയപ്പോൾ അയാൾ പൊടുന്നനെ ക്യാമറയ്ക്ക് മുന്നിൽ നിലത്ത് ശ്വാസംപിടിച്ച് കിടന്നു. സിംഹം അയാളുടെ മുകളിൽ കയറി നിന്നു. അപ്പോഴേക്കും നേരത്തേ വീണയാൾ ഓടിവന്ന് സിംഹത്തെ പിടിച്ചുകൊണ്ടുപോയി. നിലത്ത് കിടന്നയാളോട് ഞാൻ ചോദിച്ചു എന്താണ് സിംഹം ഉപദ്രവിക്കാതിരുന്നതെന്ന്. ജീവനില്ലാത്ത ഒന്നിനെ സിംഹം ഉപദ്രവിക്കില്ല എന്നാണ് അയാൾ പറഞ്ഞത്." ഷാജി കൈലാസ് ഓർമിച്ചു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കടുവ' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..