ഷാജി കൈലാസ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ | ഫോട്ടോ: പ്രവീൺ ദാസ്. എം | മാതൃഭൂമി
തിരുവനന്തപുരം: കടുവയെ ഇപ്പോൾ കുടുംബപ്രേക്ഷകരും ഏറ്റെടുത്തുവെന്ന് സംവിധായകൻ ഷാജി കൈലാസ്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 കളിൽ നടക്കുന്ന ഒരു കഥയാണ് സിനിമയുടെ പശ്ചാത്തലം. അന്നത്തെ സിനിമ പോലെ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഈ സിനിമ തന്റെ മുന്നിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പഴയ സ്റ്റൈലിൽ തന്നെ ചെയ്ത് തരണമെന്നാണ് പൃഥ്വിരാജും ആശ്യപ്പെട്ടത്. സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷം. പിന്നെ സിനിമയുടെ തുടക്കം മുതൽ ഇന്നുവരെയും പ്രശ്നങ്ങളാണ്. കോവിഡായിട്ടു വന്നു, പ്രളയമായി വന്നു, കേസുകളായിട്ടുവന്നു, കോടതി വന്നു, സെൻസർ ബോർഡ് വന്നു. അതൊക്കെ ഞങ്ങൾ അതിജീവിച്ച് മുന്നോട്ടുപോകും. ഷാജി കൈലാസ് പറഞ്ഞു.
മലയാളസിനിമ മറന്നു തുടങ്ങിയ ജോണറിനെ ഉണർത്താനുള്ള ശ്രമമായിരുന്നു കടുവയെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ വിജയമാവുക എന്നതാണ് ആ സിനിമയുടെ ഏറ്റവും വലിയ ജസ്റ്റിഫിക്കേഷൻ. കടുവ സിനിമ ചിന്തിച്ചു തുടങ്ങുന്ന സമയം മുതൽ ഒരുപാട് ആളുകൾ കണ്ട് ആസ്വദിച്ച് കയ്യടിച്ച് ആഘോഷിക്കുന്ന ഒരു സിനിമ ആയിത്തീരണം എന്ന ഒറ്റ ഉദ്ദേശമേ ഈ സിനിമയുടെ പിന്നിലുണ്ടായിരുന്നുള്ളു. അത് നിറവേറി എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
ഒരുപരിധി വരെയെങ്കിലും മലയാള സിനിമ കൈവിട്ടുപോയിരുന്നോ മറന്നോ എന്ന് സംശയിച്ചിരുന്ന ഒരു ജോണറുണ്ടല്ലോ. ആക്ഷൻ, മാസ് എന്റർടെയ്ൻമെന്റ് എന്നുള്ളത്. ആ ഉറങ്ങിപ്പോയ ജോണറിനെ ഉണർത്താനുള്ള ശ്രമം കൂടി ആയിരുന്നു ഈ സിനിമ. അതുകൊണ്ട് ഈ സിനിമയുടെ വിജയത്തിൽ വലിയൊരു സന്തോഷമുണ്ട്.
എല്ലാത്തരം സിനിമകളും ഇൻഡസ്ട്രിയിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന സിനിമ ആസ്വാദകനാണ് ഞാൻ. നല്ല സിനിമകൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതിൽ ഇത്തരം സിനിമകൾ കൂടി വല്ലപ്പോഴുമെങ്കിലും സംഭവിക്കണം എന്നാഗ്രഹമുള്ള സിനിമ സ്നേഹി എന്ന നിലയ്ക്കും കടുവ എന്ന സിനിമയുടെ വിജയം ഏറെ സന്തോഷം തരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..