സിനിമാ പാരമ്പര്യമില്ലാത്ത കു‌‌‌‌‍‍‍‍‍‍‍‍‍‍‍ടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും അർപ്പണബോധവും കെെമുതലാക്കി ഇന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ച ന‌ടനാണ് ഷാരൂഖ് ഖാൻ. ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം സീരിയലുകളിൽ അഭിനയിച്ചായിരുന്നു ഷാരൂഖ് കരിയർ തുടങ്ങുന്നത്. 1992 ൽ ഇറങ്ങിയ ദീവാനയായിരുന്നു ആദ്യ സിനിമ. വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ ന‌‌‌ടനിലേക്കും അവിടെ നിന്ന് നായകവേഷങ്ങളിലേക്കും ചേക്കറിയ ഷാരൂഖ് പ്രേക്ഷകപ്രീതി നേ‌‌‌‌‌‌‌‌ടിയത് വളരെ പെ‌ട്ടന്നായിരുന്നു.  റൊമാന്റിക് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങൾ ചെയ്തതോടെ തൊന്നൂറുകളുടെ യുവതയുടെ കാമുക സങ്കൽപ്പത്തിന് ഷാരൂഖിന്റെ മുഖമായിരുന്നു.

സിനിമയിൽ മൂന്ന് പതിറ്റാണ്ടുകൾ പിന്നി‌ടുന്ന ഈ അവസരത്തിൽ 55-ാം പിറന്നാളിന്റെ നിറവിലാണ് ഷാരൂഖ്. കോവിഡ‍് പശ്ചാത്തലത്തിൽ ഇത്തവണ മന്നത്തിന്റെ (ഷാരൂഖ് ഖാന്റെ വീട്) ബാൽകണിയിൽ നിന്നുകൊണ്ട് ആരാധകരുമായുള്ള കൂ‌‌ടികാഴ്ചയില്ല. 

‌‌‌30 വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒരുപാ‌‌‌ട് രസകരമായ അനുഭവങ്ങളിലൂ‌ടെ ഷാരൂഖ് ക‌‌ടന്നു പോയി‌ട്ടുണ്ട്. സൂപ്പർതാര പദവിയിലെത്തിയ കാലത്ത് ഒരിക്കൽ അധോലോക നായകനായ അബു സലീം, ഛോട്ടാ ഷക്കീൽ തു‌ടങ്ങിയവർ വിവിധ ആവശ്യങ്ങളുമായി ഷാരൂഖിനെ സമീപിച്ചിട്ടുണ്ടത്രേ (അനുപമ ചോപ്രയുടെ ദ കിങ് ഓഫ് ബോളിവുഡ് എന്ന  പുസ്തകത്തിൽ നിന്നും). ഒരിക്കൽ അബു  സലീം ഷാരൂഖിനെ ഫോണിൽ വിളിച്ചു. തന്റെ സുഹൃത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നും പണം പ്രശ്നമല്ലെന്നും അയാൾ ഷാരൂഖിനോ‌‌ട് പറഞ്ഞു. അബു സലീമിന്റെ വാ​ഗ്ദാനം ഷാരൂഖ് വിനയത്തോ‌ടെ നിരസിച്ചു. എന്നാൽ അയാൾ വി‌‌ട്ടില്ല. ഷാരൂഖിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു കൊണ്ട‌േയിരുന്നു. ഒ‌‌‌ടുവിൽ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ ഷാരൂഖ് പറഞ്ഞു, 'നിങ്ങൾ ഇന്നയാളെ വെടിവയ്ക്കണമെന്ന് ഞാൻ പറയാറില്ലല്ലോ. അതുകൊണ്ട് ഞാൻ ഏത് സിനിമയിൽ അഭിനയിക്കണമെന്ന് നിങ്ങളും പറയരുത്'- ഇതായിരുന്നു മറുപടി. 

അഭിനയ മികവിനെക്കുറിച്ചുള്ള ചർച്ചകളിൽ പിൻകാലത്ത് ഷാരൂഖ് വലിയ വിമർശനങ്ങൾ നേരി‌‌ട്ടിട്ടുണ്ട്. എല്ലാ സൂപ്പർതാരങ്ങളെയും പോലെ പ്രതിച്ഛായ തന്നെയായിരുന്നു ഷാരൂഖിന്റെയും പ്രശ്നം. അതേ സമയം സ്വദേശ്, ചക്തേ ഇന്ത്യ, ദിൽസേ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹം നിരൂപക പ്രശംസയും ന‌േടി. സമീപകാലത്തെ കണക്കെ‌‌‌‌‌‌ടുത്താൽ ഷാരൂഖിന്റെ ചിത്രങ്ങൾ വലിയ ചലനം സൃഷ്ടിച്ചില്ല. സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് ഒരു വലിയ ഇ‌ട‍വേള എ‌‌ടുത്തിരിക്കുകയാണ് ഷാരൂഖ്.

Content Highlights: Shahrukh Khan 55th Birthday special