മാതാപിതാക്കള്‍ വേര്‍പിരിയുന്ന അവസരങ്ങളില്‍ ഏറ്റവും സംഘര്‍ഷം അനുഭവിക്കുന്നത് കുഞ്ഞുങ്ങളായിരിക്കും. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ഒരുമിച്ചനുഭവിക്കാന്‍ കൊതിക്കുന്ന ബാല്യങ്ങള്‍ ഒരുപാടുണ്ട് ഈ ലോകത്തില്‍. അത്തരത്തിലുള്ള കുട്ടിയായിരുന്നു താനെന്ന് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാഹിദ് തന്റെ ബാല്യകാലത്തെക്കുറിച്ചും അമ്മയെക്കുറിച്ചും പങ്കുവയ്ച്ചത്‌.

ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മയും സിനിമാതാരവുമായ നീലിമ ഹസീമും അച്ഛനും നടനുമായ പങ്കജ് കപൂറും വിവാഹമോചിതരാകുന്നത്.

പങ്കജ് കപൂറുമായുള്ള വിവാഹത്തിന് ശേഷം നീലിമ സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഷാഹിദിന്റെ ജനനത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കജും നീലിമയും വേര്‍പിരിഞ്ഞു. ഇത് ഷാഹിദിനെ ഒരുപാട് വിഷമിപ്പിച്ചു. അമ്മയ്‌ക്കൊപ്പം ഡല്‍ഹിയിലാണ് ഷാഹിദ് ജീവിച്ചത്. ഒരു സ്ത്രീയ്ക്ക് തനിയെ കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു നീലിമയുടെ വിശ്വാസം. എന്നാല്‍ നീലിമയ്ക്ക് ആത്മവിശ്വാസം നല്‍കിയത് ഷാഹിദാണ്.

'ഒരിക്കല്‍ അമ്മയും ഞാനും ഉറങ്ങാന്‍ കിടക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടു. അത് അമ്മയായിരുന്നു.'

പിന്നീടുള്ള കഥ നീലിമ പറയുന്നത് ഇങ്ങനെ..

'ഞാന്‍ കരയുന്നത് എന്റെ കുട്ടി കാണുന്നത് ഇഷ്ടമല്ലായിരുന്നു. അവന്‍ എന്നെ നെഞ്ചോടു ചേര്‍ത്ത് പറഞ്ഞു അമ്മ എന്തിനാണ് ഇങ്ങനെ കരയുന്നത്. അമ്മയ്ക്ക് കൂട്ടിന് ഞാനുണ്ട്. ഇനി ഒരിക്കലും കരയിരുത്. സത്യം ചെയ്യണം.'

വലുതായപ്പോള്‍ സിനിമയില്‍ തിരക്കായി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് അപൂര്‍വമാണ്. പക്ഷേ തിരക്ക് ഒഴിയുമ്പോള്‍ ഓടിയെത്തും. അമ്മയെ കാണാന്‍. 

shahid
ഷാഹിദ് അമ്മ നീലിമയ്‌ക്കൊപ്പം

'സത്യത്തില്‍ അമ്മ ഒരുപാട് വിഷമിച്ചിട്ടുണ്ട്. പക്ഷേ എന്റെ അടുത്തെത്തുമ്പോള്‍ അമ്മ സന്തോഷവതിയാകും. അമ്മയുടെ സന്തോഷം എന്നെ പറ്റിക്കാന്‍ വേണ്ടി ആയിരുന്നോ എന്ന് പോലും അറിയില്ല'- ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Shahid Kapoor talks about her mother neelima Azeem Shahid Kapoor life story