ത്യന്‍ അന്തിക്കാടിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 1984ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ കളിയില്‍ അല്‍പം കാര്യം. ഗ്രാമസേവകനായ ലാലിന്റെ വിനയനെയും വിനയന്‍ പ്രേമിക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ രാധയെയും പ്രേക്ഷകര്‍ മറക്കില്ല. അഭിനയത്തിന്റെ ബാലാരിഷ്ടതകള്‍ ഉണ്ടായിരുന്നെങ്കിലും നീലിമ എന്ന പുതുമുഖ നായിക അവതരിപ്പിച്ച രാധ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍, പിന്നീട് വിജ്ഞാന ഭണ്ഡാരമായ വിക്കിപീഡിയ തപ്പിയവര്‍ ഒരു വലിയ കണ്ടുപിടിത്തം നടത്തി. ബോളിവുഡ് നായകന്‍ ഷാഹിദ് കപൂറിന്റെ അമ്മയാണ് നീലിമ അസീം എന്ന ലാലിന്റെ ഈ പഴയ നായിക. കണ്ടെത്തിയവര്‍ ഇതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലുംവച്ച് കഥകള്‍ മെനയുകയും ചെയ്തു.

കഥയുടെ നിജസ്ഥിതി അറിയാന്‍ സംവിധായകനെ തന്നെ വിളിച്ചപ്പോള്‍ വലിയൊരു പൊട്ടിച്ചിരിയായിരുന്നു സത്യന്‍ അന്തിക്കാടിന്റെ ആദ്യ പ്രതികരണം. ഷാഹിദ് കപൂറിന്റെ അമ്മയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് സത്യന്‍ അന്തിക്കാടാണെന്നും സത്യന്‍ അന്തിക്കാടിന്റെ നായികയാണ് ഷാഹിദ് കപൂറിന്റെ അമ്മ എന്നുമൊക്കെയുള്ള കുറേ കഥകള്‍ ഒരുപാട് ഞാനും വായിച്ചു. കുറേ കഥകള്‍ കേട്ടു. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വന്നിരുന്നത്. അത് ആ നീലിമയേ അല്ല. ഇത് ഞാന്‍ കണ്ടെത്തിയ നായികയാണ്. അവര്‍ക്ക് ഷാഹിദ് കപൂറുമായി യാതൊരു ബന്ധവുമില്ല. സത്യത്തില്‍ എന്റെ നായികയുടെ ശരിക്കുമുള്ള പേര് നീലിമ എന്നുപോലുമല്ല. അത് ഞാനിട്ട പേരായിരുന്നു-സത്യന്‍ അന്തിക്കാട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സത്യത്തില്‍ ആ ചിത്രത്തില്‍ ലാലിന്റെ നായികയായി അക്കാലത്ത് തിളങ്ങിനില്‍ക്കുകയായിരുന്ന പൂര്‍ണമി ജയറാമിനെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അപ്പോള്‍ പെട്ടന്ന് പൂര്‍ണിമ ഭാഗ്യരാജിനെ വിവാഹം കഴിച്ച് അഭിനയരംഗം വിട്ടു. അങ്ങനെയാണ് എനിക്ക് പുതിയ നായികയെ തിരയേണ്ടിവന്നത്. രാധ എന്ന കഥാപാത്രം ഒരു നാടന്‍ കുട്ടിയായതിനാല്‍ ആ ലുക്കുള്ള ഒരു നടി തന്നെ വേണമായിരുന്നു. ഒരു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവാണ് ചെന്നൈയിലെ ഒരു കുട്ടിയുടെ ഫോട്ടോ എന്നെ കാണിച്ചത്. കുറേ ഫോട്ടോകളില്‍ നിന്ന് വലിയ കണ്ണുകളുള്ള, നാടന്‍ ലുക്കുള്ള പെണ്‍കുട്ടിയെയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഭുവന എന്നായിരുന്നു അവളുടെ പേര്.

neelima

ഞാനാണ് സിനിമയ്ക്കുവേണ്ടി നീലിമ എന്നു പേരു മാറ്റിയത്. നാടന്‍ പെണ്‍കുട്ടിയാവാന്‍ യോജിക്കുമെന്ന് കരുതി ചെന്നൈയില്‍ ചെന്നു. കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് നായികയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അന്ന് ഇന്നത്തെ പോലെ ഇത്തരം തീരുമാനങ്ങളൊന്നുമെടുക്കാനുള്ള അനുഭവസമ്പത്തും എനിക്കുമില്ലല്ലോ.

എന്നാല്‍, കുട്ടി വന്നപ്പോള്‍ ലുക്കൊക്കെ കെ മാറിപ്പോയിരുന്നു. അഭിനയിപ്പിച്ചപ്പോഴും വലിയ തൃപ്തി ഉണ്ടായിരുന്നില്ല.  സിനിമയുടെ രണ്ടാം ഭാഗം അവരെവച്ച് ഒരുവിധമാണ് ചിത്രീകരിച്ച് തീര്‍ത്തത്. പാട്ടുകളും തമാശകളും മറ്റും കാരണമാവണം സിനിമ വലിയ ഹിറ്റായി. എന്നാല്‍, പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. അവര്‍ മറ്റേതെങ്കിലും സിനിമയില്‍ അഭിനയിച്ചതായും അറിവില്ല. ചെന്നൈ ടി നഗറിലോ മറ്റോ ആണ് താമസമെന്ന് കേട്ടിരുന്നു. അവരുടെ സഹോദരിയെ നിര്‍മാതാവ് ഗോപിയുടെ സഹോദരനാണ് വിവാഹം കഴിച്ചതെന്നും കേട്ടിട്ടുണ്ട്. അത്രയേ അറിയൂ-സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlights: Shahid Kapoor Neelima Azeem Mohanlal KaliyilAlpamKaryam Sathyan Anthikad MalayalamMovie