പഠാൻ പ്രത്യേക പ്രദർശനം കാണാനെത്തിയ ഷാരൂഖ് ഖാനും കുടുംബവും | ഫോട്ടോ: സ്ക്രീൻഗ്രാബ് | www.instagram.com/varindertchawla
റിലീസിന് തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. ഷാരൂഖ് നായകനായി നാലുവർഷത്തിന് ശേഷമിറങ്ങുന്ന ചിത്രം എന്നുള്ളതുകൊണ്ടുതന്നെ പഠാന്റേതായി വരുന്ന ഓരോ അപ്ഡേഷനും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് ഷാരൂഖ് ഖാൻ പഠാൻ കണ്ടു എന്ന വാർത്തയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസം.
ഈ മാസം 25-നാണ് ചിത്രം റിലീസ് ചെയ്യുന്നതെങ്കിലും ഷാരൂഖ് ഖാന് വേണ്ടി മുംബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുകയായിരുന്നു. ഭാര്യ ഗൗരി ഖാൻ, മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർക്കൊപ്പമാണ് കിങ് ഖാൻ പ്രദർശനം കാണാനെത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബേഷരം രംഗ് എന്ന ഗാനത്തിലെ ദീപികാ പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഗാനരംഗത്തിൽ ഒരിടത്ത് കാവി നിറമുള്ള ബിക്കിനി ധരിച്ചതിന് ദീപികാ പദുക്കോണിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു ഗാനരംഗമുള്ള സിനിമ മകൾക്കൊപ്പമിരുന്ന് കാണുമോ എന്ന് മധ്യപ്രദേശ് നിയമസഭ സ്പീക്കർ ഗിരീഷ് ഗൗതം രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള മറുപടി കൂടിയായാണ് കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയതിലൂടെ ഷാരൂഖ് ഉദ്ദേശിച്ചതെന്നാണ് ആരാധകർ പറയുന്നത്.
ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോൺ എബ്രഹാമുമുണ്ട് പഠാനിൽ പ്രധാന വേഷത്തിൽ. സിദ്ധാർഥ് ആനന്ദ് ആണ് ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന പഠാൻ സംവിധാനം ചെയ്യുന്നത്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.
Content Highlights: pathaan movie special screening, shah rukh khan watched pathaan movie with family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..