ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹജീവിതം 28 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഷാരൂഖ് സൂപ്പര്‍താരമാകുന്നതിനും മുന്‍പായിരുന്നു ഗൗരിയുമായുള്ള വിവാഹം. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു പ്രായം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഷാരൂഖ് ഗൗരിയെ വിവാഹം ചെയ്തത്. 

മധുവിധു ആഘോഷിക്കാന്‍ പാരീസില്‍ പോകാമെന്നും ഈഫല്‍ ടവ്വര്‍ കാണാമെന്നും ഗൗരിക്ക് താന്‍ വിവാഹത്തിന് മുന്‍പ് വാക്കു നല്‍കിയതായി പറയുകയാണ് ഷാരൂഖ്. ഒരു സ്വകാര്യ ചാനലിന്റെ മോസ്റ്റ് സ്‌റൈലിഷ് കപ്പിള്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ഷാരൂഖ് ആ സംഭവം തുറന്ന് പറഞ്ഞത്.

ഡാര്‍ജിലിങിലെ പരമ്പരാഗത വസ്ത്രം ധരിച്ചു നില്‍ക്കുന്ന ഷാരൂഖിന്റെയും ഗൗരിയുടെയും ഒരു പഴയ ചിത്രം പുരസ്‌കാര ചടങ്ങില്‍ കാണികള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്നു. അപ്പോഴായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

''എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണിത്. ഞങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍ ഞാന്‍ ദരിദ്രനായിരുന്നു. ഗൗരി താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ഒരു കുടുംബത്തിലെ അംഗവും. മധുവിധു പാരീസില്‍ ആഘോഷിക്കാമെന്നും ഈഫര്‍ ടവര്‍ കാണാമെന്നുമൊക്കെ ഗൗരിക്ക് ഞാന്‍ വിവാഹത്തിന് മുന്‍പ് വാക്ക് നല്‍കി. എല്ലാം പച്ച കള്ളമായിരുന്നു. എന്റെ കയ്യില്‍ പണമില്ലായിരുന്നു. അതുകൊണ്ട് ഡാര്‍ജിലിങ്ങിലേക്ക് തിരിച്ചു. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങളുടെ ആ മനോഹരമായ യാത്ര''- ഷാരൂഖ് പറഞ്ഞു. 

Content Highlights: Shah Rukh Khan tricked Gauri Khan into going to Darjeeling instead of Paris for honeymoon, most stylish couple, love story