മുംബൈയില്‍ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ നിറയെ അദ്ദേഹത്തിന് സിനിമാ ജീവിതത്തില്‍ ലഭിച്ച പുരസ്‌കാരങ്ങളാണ്. അതില്‍ പല നിറമുള്ളവയുണ്ട്, പല വലിപ്പമുള്ളവയുമുണ്ട്. എന്നാല്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഒരു നടന്‍ സ്വപ്‌നം കാണുന്ന ആ പുരസ്‌കാരം മാത്രം അക്കൂട്ടത്തിലില്ല. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം. 

എന്നാല്‍, തനിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ ഒട്ടും നിരാശയില്ലെന്ന് ഷാരൂഖ് പറയുന്നു. തന്റെ ഇത്രയും കാലത്തെ അഭിനയം സ്വയം വിലയിരുത്തുമ്പോള്‍  ഈ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന് തിരിച്ചറിയുന്നുണ്ടെന്ന് ഷാരൂഖ് പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്. 

തനിക്ക് എന്തെങ്കിലും ലഭിച്ചുവെങ്കില്‍ അതിന്റെ കടപ്പാട് സംവിധായകരോടും പ്രേക്ഷകരോടുമാണ്. പുരസ്‌കാരങ്ങള്‍ ആഗ്രഹിച്ചിട്ടല്ല ഇത്രയും കാലം അഭിനയിച്ചത്. ഒരു ദേശിയ പുരസ്‌കാരം ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും ഞാന്‍ ഇതുവരെ കാഴ്ച വെച്ചിട്ടില്ല. എനിക്ക് അതിനുള്ള അര്‍ഹതയുമില്ല. കഴിയുന്നിടത്തോളം അഭിനയിക്കുക. അതുമാത്രമാണ് എന്റെ ലക്ഷ്യം- ഷാരൂഖ് പറയുന്നു.