ഷാരൂഖ് ഖാൻ | ഫോട്ടോ: എ.പി
ന്യൂഡൽഹി: സുൽത്താൻപുരിയിൽ കാറിടിച്ച് മരിച്ച സ്കൂട്ടർ യാത്രക്കാരിയെ കാറിൽ മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അഞ്ജലി എന്ന ഇരുപതുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലിചെയ്തിരുന്ന അഞ്ജലി. പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ഈ കുടുംബത്തിനെ സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ് നടൻ ഷാരൂഖ് ഖാൻ ആരംഭിച്ച എന്‍.ജി.ഒ.
ഷാരൂഖ് ഖാൻ ആരംഭിച്ച മീർ ഫൗണ്ടേഷനാണ് അഞ്ജലിയുടെ കുടുംബത്തിനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ കുടുംബത്തിനായി ഒരു തുക സഹായമായി കൈമാറിയിരിക്കുകയാണ് ഇവർ. എന്നാൽ എത്രയാണ് നൽകിയ തുകയെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിന് വലിയ സഹായമാകും ഈ തുകയെന്നാണ് ഫൗണ്ടേഷൻ അംഗങ്ങൾ പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ജലിയുടെ അമ്മയുടെ തുടർചികിത്സകൂടി കണക്കാക്കിയാണ് ധനസഹായം നൽകിയതെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.
പിതാവായ മീർ താജ് മൊഹമ്മദ് ഖാന്റെ സ്മരണാർത്ഥം ഷാരൂഖ് ഖാൻ ആരംഭിച്ച എൻ.ജി.ഓയാണ് മീർ ഫൗണ്ടേഷൻ. മീർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുമ്പും നിരവധി സന്നദ്ധസേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.
ജനുവരി ഒന്നിന് പുലർച്ചെയാണ് അഞ്ജലിയുടെ ജീവൻ നഷ്ടപ്പെടാനിടയായ ദാരുണസംഭവം നടന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് വേണ്ടി ജോലിചെയ്തിരുന്ന അഞ്ജലി, പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ച് യുവാക്കൾ സഞ്ചരിച്ച കാർ അവളുടെ സ്കൂട്ടറിലിടിച്ചത്. ഇടിച്ചുവീഴ്ത്തിയിട്ടും വാഹനം നിർത്താതെ പോയ യുവാക്കൾ യുവതിയെ കാറിൽ വലിച്ചിഴച്ചു. അടിയിൽ കുരുങ്ങിയ യുവതിയുമായി കിലോമീറ്ററുകളോളം ആ കാർ റോഡിലൂടെ ഓടി. ഒടുവിൽ കിലോമീറ്ററുകൾക്ക് അപ്പുറമാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
Content Highlights: Meer Foundation, Shah Rukh Khan's NGO Works News, Sultanpuri Dragging Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..