ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പിതൃസഹോദരപുത്രിയായ നൂര്‍ജഹാന്‍ അന്തരിച്ചു. പാകിസ്താനിലെ പെഷവാറിലായിരുന്നു അന്ത്യം. മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നൂര്‍ ജഹാന്റെ ഇളയസഹോദരന്‍ മന്‍സൂര്‍ അഹമ്മദാണ് ചൊവ്വാഴ്ച മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ദീര്‍ഘനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു നൂര്‍ ജഹാന്‍.  

ഷാരൂഖ് ഖാന്‍ മാതാപിതാക്കളായ ലത്തീഫ് ഫാതിമ ഖാന്‍, താജ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്കൊപ്പം രണ്ട് തവണ പെഷവാറിലെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു. നൂര്‍ ജഹാനും രണ്ട് തവണ ഷാരൂഖിനെ കാണാന്‍ ഇന്ത്യയിലെത്തിയിരുന്നു. ഷാരൂഖുമായും ഇന്ത്യയിലെ മറ്റ് ബന്ധുക്കളുമായും നൂര്‍ ജഹാനും കുടുംബത്തിനും നല്ല ബന്ധമാണുണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. നൂര്‍ ജഹാനും ഭര്‍ത്താവിനുമൊപ്പമുള്ള ഷാരൂഖിന്റെ ചിത്രങ്ങള്‍ ഫാന്‍ ക്ലബുകള്‍ മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

സജീവരാഷ്ട്രീയപ്രവര്‍ത്തകയായിരുന്ന നൂര്‍ ജഹാന്‍ ഡിസ്ട്രിക്റ്റ്, ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് നാമനിര്‍ദേശകപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും നൂര്‍ ജഹാന്‍ പിന്നീട് പത്രിക പിന്‍വലിച്ചു. 

 

Content Highlights: Shah Rukh Khan's Cousin Noor Jehan Dies In Peshawar