ന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിനെ അനുസ്മരിച്ച് ഷാരൂഖ് ഖാന്‍. ഷാരൂഖിന്‍റെ ആദ്യ ചിത്രമായ ദീവാനയില്‍ ഋഷി കപൂറും പ്രധാന വേഷത്തിലെത്തിയിരുന്നു. ആദ്യ ചിത്രത്തിന്‍റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള ഷാരൂഖിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

"സിനിമയുടെ ഭീകരമായ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എന്‍റെ രൂപത്തെക്കുറിച്ചും, കഴിവിനെക്കുറിച്ചുമുള്ള ആശങ്കകള്‍ എന്നെ അസ്വസ്ഥനാക്കിയിരുന്നു.  തോല്‍ക്കുമോ എന്ന ചിന്ത ഒന്നുമല്ലായിരുന്നു. കാരണം, തോറ്റ് പോയാല്‍ തന്നെയും ഋഷി സാഹിബ് എന്ന വലിയ നടനോടൊപ്പം ഞാന്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു.  

ഷൂട്ടിന്‍റെ ആദ്യ  ദിവസം തന്റെ രം​ഗം കഴിഞ്ഞിട്ടും എന്‍റെ രം​ഗമെടുത്ത് തീരാനായി അദ്ദേഹം കാത്തിരുന്നു. സ്ഥിരം മുഖത്ത് കാണാറുള്ള പ്രസന്നമായ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ ഊര്‍ജം അപാരമാണ്....ആ ദിവസം എന്‍റെ ചിന്തകളില്‍ ഞാന്‍ ഒരു നടനായി. 

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞാനദ്ദേഹത്തെ കണ്ടിരുന്നു. ദീവാനയിൽ എന്നെ സ്വീകരിച്ചതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. എന്നെ എങ്ങനെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചതെന്ന് അപ്പോൾ അദ്ദേഹത്തിന് തന്നെ ഒരു രൂപവും ഉണ്ടായിരുന്നില്ല. 

വളരെ അപൂര്‍വം ചിലര്‍ക്കേ അദ്ദേഹത്തിനുണ്ടായിരുന്ന പോലെ ആകര്‍ഷകത്വം ഉണ്ടാവൂ. മറ്റുള്ളവരുടെ വിജയങ്ങളില്‍ ആത്മാര്‍ഥമായി സന്തോഷിക്കാനുള്ള ഹൃദയവിശാലത അതിലും കുറച്ച് പേര്‍ക്കേ ഉണ്ടാവൂ..ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ മിസ് ചെയ്യും.  പക്ഷേ ഓരോ തവണ കാണുമ്പോഴും എന്‍റെ നെറുകയില്‍ സ്നേഹത്തോടെ നല്‍കാറുള്ള തലോടലാണ്  ഏറ്റവുമധികം ഞാന്‍ മിസ് ചെയ്യുക. എന്നെ ഞാനാക്കിയ അനുഗ്രഹമായി അത് എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കും. ഞാന്‍ നിങ്ങളെ മിസ് ചെയ്യും സര്‍, സ്നേഹത്തോടെ , കൃതജ്ഞത, അത്യധികം ബഹുമാനത്തോടെ എന്നെന്നും...."- ഷാരൂഖ് ഖാൻ കുറിച്ചു.

Content Highlights: Shah Rukh Khan pens an Emotional Note Remembering Rishi Kapoor