32 വർഷം നീണ്ട കരിയറിൽ ഷാരൂഖ് ഖാൻ ഇത്രയും വലിയ ഒരു ഇടവേള സിനിമയിൽ നിന്നെടുക്കുന്നത് ആദ്യമായാണ്. ആനന്ദ് എല്‍.റായ് സംവിധാനം ചെയ്ത് സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ചയത്ര വിജയം നേടിയില്ല.

സീറോ പരാജയമായാല്‍ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഷാരൂഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം അത് ഗൗരവമായി പറഞ്ഞതു തന്നെയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍.

സിനിമയിലിപ്പോൾ ഇല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് ഷാരൂഖ് ഖാൻ. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഒരു ചിത്രം പങ്കുവച്ചിരുന്നു. പാരിസിലെ വാക്സ് മ്യൂസിയത്തിൽ‌ ഷാരൂഖിന്റെ പ്രതിമയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. തൊട്ടപ്പുറത്ത് ഷാരൂഖ് ഖാനുമുണ്ട്. ''ടൂ (‌രണ്ട്) മച്ച് ടു ഹാർഡിൽ'' എന്നാണ് ​ഗൗരിയുടെ ചിത്രത്തോടൊപ്പം കുറിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി രണ്ടു പേരും (പ്രതിമയും താനും) വീട്ടിലിരിക്കുകയാണെന്ന് എന്നാണ് ഷാരൂഖ് മറുപടിയായി എഴുതിയത്. ഷാരൂഖിന്റെ ഈ മറുപടി ആരാധകരും ഏറ്റെടുത്തു. ഇനി സിനിമയിലേക്ക് ഒരു തിരിച്ചു വരവ്  ഉണ്ടാകുമോ? പുതിയ സിനിമ എപ്പോൾ ആരംഭിക്കും? തുടങ്ങി ആയിരക്കണക്കിന് ചോദ്യങ്ങളാണ് അവർ താരത്തോട് ചോദിക്കുന്നത്.

സൈസ് സീറോയ്ക്കു ശേഷം ഷാരൂഖ് ഒരു ചിത്രത്തിന്റെ കരാറില്‍ പോലും ഒപ്പിട്ടിട്ടില്ല. ബഹിരാകാശയാത്രികന്‍ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആമിര്‍ ഖാനെ തേടിയെത്തിയ വേഷം അദ്ദേഹം ഷാരൂഖ് ഖാന് നല്‍കുകയായിരുന്നു. എന്നാല്‍ ഷാരൂഖ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. വിക്കി കൗശലാണ് രാകേഷ് ശർമയായി വേഷമിടുന്നത്. 

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വായിക്കാനും വേണ്ടിയാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഷാരൂഖ് പറഞ്ഞു.

''നിലവില്‍ എനിക്ക് സിനിമയില്ല. ഞാന്‍ ഒന്നിലും കരാര്‍ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ അടുത്ത സിനിമ തുടങ്ങിയിരിക്കും. ഷൂട്ടിങ്ങിനിടയില്‍ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല. എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി.  പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി. എന്റെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നി''- ഷാരൂഖ് പറഞ്ഞു. 

Content Highlights: Shah Rukh Khan on not working for over 1.5 after Zero Movie Failure