മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട്​ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ. ആർതർ റോഡ്​ ജയി​ലിലെത്തിയാണ്​ ഷാരൂഖ് മകനെ കണ്ടത്​. ഒക്ടോബർ 2ന് ആര്യൻ അറസ്റ്റിലായ ശേഷം ഇത് ആദ്യമായാണ് ഷാരൂഖ് മകനെ കാണാൻ നേരിട്ടെത്തുന്നത്. 

20 മിനിട്ടോളം ഷാരൂഖ് ജയിലിൽ ചെലവഴിച്ചു.  ആര്യനെ കണ്ട്​ ഉടൻതന്നെ മടങ്ങുകയും ചെയ്​തു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്. നേരത്തെ വീഡിയോ കോളിലൂടെ ആര്യൻ കുടുംബാം​ഗങ്ങളുമായി സംസാരിച്ചിരുന്നു.

ബുധനാഴ്ച ആര്യന്​ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഷാരൂഖ് ജയിലിലെത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ജയിലിലാണ്​ ആര്യൻ. ഇതോടെ​ ജാമ്യത്തിനായി ആര്യന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്​. 

രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈയിലെ പ്രത്യേക കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. 

 

 

content highlights : Shah Rukh Khan Meets Son Aryan Khan In Mumbai Jail