ലോക്ക്ഡൗണ്‍ കാലത്ത് യുവ സംവിധായകര്‍ക്കായി ഒരു മത്സരം പ്രഖ്യപിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. വീട്ടില്‍ നിന്ന് തന്നെ ഒരു ഹൊറര്‍ സിനിമ നിര്‍മിക്കാനുള്ള വെല്ലുവിളിയാണ് ഷാരൂഖ് യുവ സംവിധായരുടെ മുന്നിലേക്ക് വെച്ചിരിക്കുന്നത്. 

'ഈ സമയം നമ്മള്‍ എല്ലാവരും വീട്ടില്‍ ക്വാറന്റീന്‍ ചെയ്യുന്നത് കൊണ്ട് ഒത്തിരി സമയം നമ്മുടെ പക്കലുണ്ടാവും. കുറച്ച് ക്രിയാത്മകമായി ചിന്തിക്കാം, രസകരമായ ഒരു മത്സരമാണ്, ആര്‍ക്കും പരീക്ഷിക്കാം' എന്ന അടിക്കുറിപ്പോടെയാണ് ഷാരൂഖ് മത്സരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നിബന്ധകളും ഇതിനോടൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. 

മേയ് 18-ാണ് എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി. ഇതില്‍ വിജയിയെ തീരുമാനിക്കുന്നത് ബേതാള്‍ താരങ്ങളായ വിനീത് കുമാറും ആഹാനയും സംവിധായകന്‍ പാട്രിക് ഗ്രഹാമും നിര്‍മാതാവ് ഗൗരവ് വര്‍മയും ചേര്‍ന്നായിരിക്കും. ആദ്യ മൂന്ന് വിജയികള്‍ക്ക് ഷാരൂഖിനും ബേതാള്‍ ടീമിനും ഒപ്പം വീഡിയോ കാളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. 

ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മിച്ച വെബ് സീരിസ് ബേതാളിന്റെ പ്രോമോഷന്റെ ഭാഗമായിട്ടാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബേതാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വിനീത് കുമാര്‍, ആഹാന കുമ്ര, സുചിത്ര പിള്ള എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബേതാള്‍ മേയ് 24-ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. 

ഷാരൂഖിന്റെ നിര്‍മാണത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ ഒ.ടി.ടി. ഷോയാണ് ബേതാള്‍. ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി നായകനായ ബാര്‍ഡ് ഓഫ് ബ്ലഡാണ് ആദ്യത്തേത്. 

Content Highlights: Shah Rukh Khan invites young filmmakers to send indoor made horror films for competition