'പഠാന്‍' ഇപ്പോഴേ പൊളിഞ്ഞു, വിരമിച്ചൂകൂടേ എന്ന് ചോദ്യം; മറുപടിയുമായി ഷാരൂഖ് ഖാന്‍


Shah Rukh Khan

'പഠാന്‍' സിനിമയുമായി ബന്ധപ്പെട്ട പരിഹാസത്തിന് മറുപടിയുമായി ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ 'ആസ്ക്സ്ആര്‍കെ' എന്ന ഹാഷ് ടാഗില്‍ അദ്ദേഹം ആരാധകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാറുണ്ട്.

ഇത്തവണ രസകരമായ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടിയെന്ന് ആദ്യമേ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കി. എന്നാല്‍ അക്കൂട്ടത്തില്‍ ഏതാനും ആളുകള്‍ ഉന്നയിച്ച ചോദ്യവും അതിന് ഷാരൂഖ് നല്‍കിയ കുറിയ്ക്കുകൊള്ളുന്ന മറുപടിയും ശ്രദ്ധേയമാവുകയാണ്.

'പഠാന്‍' ഇതിനകം തന്നെ തകര്‍ന്നുവെന്നും സിനിമയില്‍ നിന്നും വിരമിക്കൂ എന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇതിന് 'കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത്' എന്നായിരുന്നു ഷാരൂഖ് കുറിച്ചത്. പഠാന്‍ കാണുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നാണ് മറ്റൊരാളുടെ ചോദ്യം. 'ദൈവമേ, ഈ മനുഷ്യര്‍ വളരെ ആഴമുള്ളവരാണ്? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? എന്തിന്റെയും ഉദ്ദേശ്യം എന്താണ്? ക്ഷമിക്കണം. ഞാന് അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാളല്ല', എന്ന് ഷാരൂഖ് കുറിച്ചു.

പഠാന്‍ റിലീസ് അടുക്കുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വെച്ച ദീപിക പദുക്കോണിന്റെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകള്‍ അഹമ്മദാബാദിലെ ആല്‍ഫവന്‍ മാള്‍ ഒരു കൂട്ടമാളുകള്‍ ആക്രമിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ഷാരൂഖിന്റെയും ദീപികയുടെയും കട്ടൗട്ടുകള്‍ ഇവര്‍ കീറി നശിപ്പിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ റിലീസ് ചെയ്യരുതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായി എത്തുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാന്‍'. എന്നാല്‍ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തതോടെ പഠാന്‍ ബഹിഷ്‌കരണാഹ്വാനങ്ങള്‍ ശക്തമായി. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഷാരൂഖിനും ചിത്രത്തിനും എതിരെ ഓരോ ദിവസവും വിമര്‍ശനങ്ങളും ഭീഷണികളും ഉയരുകയാണ്.

അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന വിവാദ സന്യാസി ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പ്രതീകാത്മകമായി താരത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഷാരൂഖ് ഖാന്‍ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഇയാളുടെ ആരോപണം.

'പഠാന്‍' റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഹനുമാന്‍ ഗാര്‍ഹിയിലെ പുരോഹിതന്‍ മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തു. ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാന്‍ ശ്രമിക്കുന്നു. ദീപിക പദുകോണ്‍ ബിക്കിനിയായി കുങ്കുമ നിറം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. സിനിമ ബഹിഷ്‌കരിക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുക. തിന്മയെ നേരിടാന്‍ നിങ്ങള്‍ തയ്യാറാകണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

2023 ജനുവരി 25-നാണ് 'പഠാന്‍' റിലീസ് ചെയ്യുക. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.

Content Highlights: Shah Rukh Khan Hilarious Response fan asking for retirement, Pathaan controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented