പൊള്ളുന്നതറയിൽ പുതപ്പിനടിയിൽ ചലനമറ്റുകിടക്കുന്ന അമ്മയെ ഉണർത്താൻശ്രമിക്കുന്ന രണ്ടുവയസ്സുകാരൻ. കൊടുംചൂടിൽ തളർന്നുവീണ്‌ നിമിഷങ്ങൾക്കുമുമ്പേ അവർ അന്ത്യശ്വാസം വലിച്ചിരുന്നു. അമ്മ ഉറങ്ങുകയാണെന്നുകരുതി പുതപ്പിനടിയിലേക്ക് നൂണ്ടുകയറി ഒളിച്ചുകളിക്കാൻ ശ്രമിക്കുകയാണ് കുഞ്ഞ്. അതിനിടെ അവനെ വലിച്ചിഴച്ചുമാറ്റാൻ ശ്രമിക്കുന്ന മൂത്തകുട്ടി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങൾ രാജ്യത്തെ മറുനാടൻതൊഴിലാളി കുടുംബങ്ങളുടെ പലായനത്തിന്റെ ഹൃദയഭേദകമായ കാഴ്ചകളിലൊന്നായിരുന്നു. 

ബിഹാറിലെ മുസഫർപുർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ കാഴ്ച രാജ്യത്തെ കണ്ണീരണിയിച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. 

 'ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- ഷാരൂഖ് കുറിച്ചു.

ഷാരൂഖിനെ അഭിനന്ദിച്ച് സിനിമാപ്രവർത്തകരും ആരാധകരുമടക്കം ഒട്ടനവധിപേർ രം​ഗത്തെത്തി. ഷാരൂഖ് ഈ മഹത്തായ പ്രവർത്തിയിലൂടെ വലിയൊരു മാതൃകയായി മാറിയിരിക്കുകയാണെന്നും അവർ കുറിച്ചു.

Content Highlights: Shah Rukh Khan helps child who tried to wake up dead mother at muzaffarpur railway station Covid 19 pandemic Lock down