മ്പത് വയസ്സുണ്ട് കിങ്ഖാന്‍ ഷാരൂഖിന്. പുതിയ വര്‍ഷം കാല്‍നൂറ്റാണ്ട് പിറകിലേയ്ക്ക് നടക്കുകയാണ് ഷാരൂഖ് ഖാന്‍. പുതിയ ചിത്രമായ ഫാനില്‍ ആര്യന്‍ ഖന്നയെന്ന തന്റെ തന്നെ പ്രതിരൂപമായ സൂപ്പര്‍താരമായും ആര്യന്റെ ആരാധകനായ ഡെല്‍ഹി ബാലനായ ഗൗരവുമായാണ് ഷാരൂഖ് വെള്ളിത്തിരയിലെത്തുന്നത്. ആര്യന്‍ ഖന്നയെന്ന സൂപ്പര്‍താരത്തെ തേടി അലയുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നെങ്കിലുമൊരിക്കല്‍ താനും ആര്യന്‍ ഖന്നയെപ്പോലെയാവും എന്നാണ് പ്രതീക്ഷ. ഒരേസമയം താരവും അയാളുടെ ആരാധകനുമാവുകയെന്ന അപൂര്‍വവും കഠിനവുമായ യത്‌നത്തിലാണ് ഷാരൂഖ്.

മുഖം മോള്‍ഡുകളും മറ്റും വച്ച് രൂപം മാറ്റുന്ന പ്രോസ്ത്തറ്റിക് മേക്കപ്പ് ഉപയോഗിച്ചാണ് ഷാരൂഖ് ഇരുപത്തിനാലുകാരന്‍ ഗൗരവായത്. നാലു മണിക്കൂര്‍ വേണം ഈ മെയ്ക്കപ്പിന്. ഇതുമായി അഭിനയിക്കുകയെന്നത് ശാരീരികമായി വലിയ വെല്ലുവിളിയായിരുന്നെന്ന് ഷാരൂഖ് പറയുന്നു. 

ഒരു ഡല്‍ഹി ബാലനാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മറ്റുള്ളവര്‍ ഡല്‍ഹിക്കാരുടെ വേഷമിടുമ്പോള്‍ എനിക്ക് ദേഷ്യമായിരുന്നു. എന്തുകൊണ്ടാണ് എനിക്കൊരു അവസരം കിട്ടാത്തതെന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും. ഞാനാ പഴയ സംസാരശൈലിയൊക്കെ പൂര്‍ണമായി മറന്നുകഴിഞ്ഞിരുന്നു. ഇനി എല്ലാം വീണ്ടും പഠിച്ച് സ്വായത്തമാക്കണം-ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം എന്നു വേണമെങ്കില്‍ ഗൗരവിനെ വിശേഷിപ്പിക്കാം.

യഷ്‌രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്. മുന്‍ മോഡല്‍ വാലുഷ ഡിസൂസയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസറുകള്‍ക്കും പോസ്റ്ററിനും വന്‍ സ്വീകരണമാണ് ലഭിച്ചത്.