'ഞാന്‍ ഒരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും'-ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ പറഞ്ഞതിങ്ങനെ.

'മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ല'- ഷാരൂഖിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. റിപബ്ലിക് ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ മതേതര ജീവിതത്തെക്കുറിച്ച് ഷാരൂഖ് മനസ്സു തുറന്നത്. 

1991 ലാണ് ഷാരൂഖും ഗൗരിയും കുടുംബാംഗങ്ങളുടെ എതിര്‍പ്പുകളെ അതിജീവിച്ച് വിവാഹിതരാകുന്നത്. സിനിമയില്‍ ഷാരൂഖ് മുന്‍നിര നടനായി പേരെടുക്കുന്നതിനും മുന്‍പായിരുന്നു വിവാഹം. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് ഇവരുടെ കുട്ടികള്‍. 

'എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണ്. സ്‌കൂളില്‍ ചേരുന്ന അവസരത്തില്‍ മതം പൂരിപ്പിക്കാനുള്ള ഒരു കോളമുണ്ട്. ഒരിക്കല്‍ എന്റെ മകള്‍ സുഹാന എന്താണ് താനതില്‍ എഴുതേണ്ടത് എന്ന് എന്നോട് ചോദിച്ചു. ഇന്ത്യന്‍ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം. പ്രാര്‍ഥനയുടെയും നമസ്‌കാരത്തിന്റെയും കണക്കെടുക്കുകയാണെങ്കില്‍ എന്നെ വിശ്വാസി എന്നു വിളിക്കാനാകില്ല. എന്നാല്‍ ഞാന്‍ ഒരു മുസ്ലീമാണ്'- ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Shah Rukh Khan about Religion, secularism, Gauri Khan, Abram khan, Suhana Khan, Aaryan Khan