ടിടി പ്ലാറ്റ്‌ഫോമുകളില്‍ ഹൊറര്‍, ത്രില്ലര്‍ സിനിമകളുടെ ആധിക്യം ആവര്‍ത്തന വിരസത നല്‍കുന്നുവെന്ന് സംവിധായകന്‍ ഷാഫി. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. തനിക്കും ഇത്തരം സിനിമകള്‍ ഇഷ്ടമാണെന്നും പക്ഷേ കോവിഡ്  പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അല്‍പ്പം ആശ്വാസം നല്‍കാന്‍ കോമഡി ചിത്രങ്ങള്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ പക്കല്‍ തിരക്കഥയും അഭിനേതാക്കളുമുണ്ട്. ആരെങ്കിലും സമീപിച്ചാല്‍ ചെയ്യാം. പക്ഷേ ഒടിടിയില്‍ കോമഡി പടങ്ങള്‍ ഹിറ്റാകുമോ എന്നറിയില്ല. പക്ഷേ ടെലിവിഷനില്‍ വിജയിക്കും. ഷെര്‍ലക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ടിവിയില്‍ ഒരുപാട് തവണ സംപ്രേഷണം ചെയ്തുവെന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു

ദിലീപിനെ നായകനാക്കി 2015 ല്‍ റാഫിയുടെ തിരക്കഥയില്‍ ഒരുക്കിയ ടു കണ്‍ട്രീസിന്റെ രണ്ടാംഭാഗം ആലോചനയിലുണ്ടെന്നും ഷാഫി പറയുന്നു. 

''ത്രി കണ്‍ട്രീസ് ആലോചനയിലുണ്ട്. ഒരു കഥാതന്തു ലഭിച്ചിട്ടുണ്ട്. ദിലീപിനോടും റാഫി ഇക്കയോടും സംസാരിച്ചിട്ടുണ്ട്. തിരക്കഥയൊക്കെ പൂര്‍ത്തിയാകാന്‍ സമയമെടുക്കും. ആദ്യം കോവിഡും പ്രശ്‌നങ്ങളും അവസാനിക്കട്ടെ. നിര്‍മാതാവും മറ്റു കാര്യങ്ങളും അനുകൂലമായി വന്നാല്‍ സിനിമയുമായി മുന്നോട്ട് പോകും''- ഷാഫി പറഞ്ഞു.

Content Highlights: shafi director about OTT releases, comedy movie, three countries, Dilleep, two countries