ന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് സനല്‍ കുമാര്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ. എന്നാല്‍ ചിത്രത്തിനെതിരെയുളള സൈബര്‍ ആക്രമണത്തിന് കുറവൊന്നുമില്ല. സെക്സി ദുര്‍ഗ എന്ന പേര് പോലും ഫെയ്സ്ബുക്കില്‍ പരാമര്‍ശിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.

ഇന്ത്യയില്‍ സെക്സി ദുര്‍ഗയ്ക്ക് ലഭിക്കുന്ന സ്വീകരണത്തിനെതിരെ നായിക രാജശ്രീ രംഗത്തെത്തിയിട്ടുണ്ട്. 'സെക്സി ദുര്‍ഗ ഇതിനോടകം 22 അന്ത്രാഷ്ട്ര ചലച്ചിത്ര മേളകളിലായി അഞ്ചോളം പുരസ്‌കാരങ്ങള്‍ നേടി. എന്നാല്‍ ഫെയ്സ്ബുക്കില്‍ സെക്സി ദുര്‍ഗയെ കുറിച്ച് താന്‍ എന്തിന് സംസാരിക്കണമെന്നും ഇവിടെ ആരാണ് കേള്‍ക്കാനുള്ളതെന്നും രാജശ്രീ ഫെയ്സ്ബുക്കിലെഴുതി. ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് താന്‍ യോജിച്ചയാളല്ലെന്നും രാജശ്രീ കുറിക്കുന്നുണ്ട്. ചിത്രത്തിനെതിരെ ഫെയ്സ്ബുക്കില്‍ ഉയരുന്ന പ്രചരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് രാജശ്രീയുടെ പോസ്റ്റ്. 

സെക്സി ദുര്‍ഗയെന്ന പേര് തന്നെയാണ് ഫെയ്സ്ബുക്കില്‍ സൈബര്‍ ആക്രമണത്തിനും കാരണമായത്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നടി രാജശ്രീ ദേശ്പാണ്ഡയ്ക്കെതിരെയും വലിയ അധിക്ഷേപമാണ് ഫെയ്സ്ബുക്കില്‍ ഉണ്ടായത്. തനിക്ക് കിട്ടിയ അധിക്ഷേപ സന്ദേശങ്ങള്‍ അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റ് മാസ് റിപ്പോര്‍ട്ടിംഗ് നടത്തി നീക്കം ചെയ്യിപ്പിച്ചു. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്സ്ബുക്ക് രാജശ്രീയുടെ പോസ്റ്റ് നീക്കം ചെയ്തത്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പണം കിട്ടത്തതു കൊണ്ടാവാം സെക്സി ദുര്‍ഗ ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതെന്ന് നേരത്തെ രാജശ്രീ അഭിപ്രായപ്പെട്ടിരുന്നു.