കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പതിനേഴുകാരിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ നടി രേവതിക്കെതിരെ പോലീസിനു പരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഇത്രയും കാലം മറച്ചു വെച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും എറണാകുളം സെന്‍ട്രല്‍ പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. 

ശനിയാഴ്ച്ച കൊച്ചിയില്‍ നടന്ന ഡബ്ലു.സി.സി വാര്‍ത്താസമ്മേളനത്തിനിടയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമാ ഷൂട്ടിങിനിടെ ഒരു പെണ്‍കുട്ടിക്ക് മോശം അനുഭവം ഉണ്ടായ കാര്യം തനിക്ക് അറിയാമെന്ന് രേവതി വെളപ്പെടുത്തിയത്. എന്നെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് മുറിയില്‍ തട്ടി വിളിക്കുകയായിരുന്നുവെന്നാണ് രേവതി വെളിപ്പെടുത്തിയത്. ആ പെണ്‍കുട്ടിയുടെ അനുവാദം ഇല്ലാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും രേവതി പറഞ്ഞിരുന്നു. 

സമ്മേളനത്തില്‍ മീ ടൂ ക്യാമ്പെയ്നിനെക്കുറിച്ചു നടന്ന പരാമര്‍ശത്തിനിടയിലാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിഭാഷകനായ ജിയാസ് ജമാലാണ് ഡബ്ലു.സി.സി അംഗം കൂടിയായ രേവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.