മുംബൈ: 'മീടൂ' ക്യാമ്പയിനിന്റെ ഭാഗമായി നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ടെസ് വ്യക്തമാക്കുന്നു. 'ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി മനസ്സിലാക്കുന്നു. ഇവിടെ ഒരുകാര്യം വ്യക്തമാക്കുകയാണ്. 'ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. എന്റെ കഥ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല '- ടെസ് ട്വീറ്റ് ചെയ്തു.

'സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു എന്റെ ലക്ഷ്യം. സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ ഒരു സെല്‍ രൂപീകരിക്കാന്‍ വേണ്ടിയും തൊഴിലിടം കൂടുതല്‍ സുരക്ഷിതമാക്കാനുമാണ് ഞാന്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് 19 വര്‍ഷം കാത്തിരുന്നത് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളായി ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അവരുടെ കഥകള്‍ പറയുന്നുണ്ട്. എന്റെ വീട്ടുകാരുള്‍പ്പെടെ ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇതെല്ലാം വര്‍ഷങ്ങളായി അറിയാം. തുറന്ന് പറയാന്‍ സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത്'- ടെസ് വ്യക്തമാക്കുന്നു. 

സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും  മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്. 

mukesh

ടെസ്സിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുകേഷിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. എംഎല്‍എയുടെ ഓഫിസിലേക്കു കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് മഹിളാകോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുകേഷിന്റെ ഓഫിസിലേക്കു പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര മണിക്കൂറോളം ദേശീയപാതയില്‍ കുത്തിയിരുന്നു. എംഎല്‍എയുടെ കോലവും കത്തിച്ചു.