ചെന്നൈ: മീ ടൂ വിവാദത്തില്‍ നടനും സംവിധായകനുമായ ത്യാഗരാജനും. വനിതാ ഫോട്ടോഗ്രാഫര്‍ പ്രതികാ മേനോനാണ് ത്യാഗരാജനെതിരേ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ത്യാഗരാജന്‍ മകന്‍ പ്രശാന്തിനെ നായകനാക്കി സംവിധാനം ചെയ്ത 'പൊന്നാര്‍ ശങ്കര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോയമ്പത്തൂരില്‍ നടക്കവേ തന്നോട് മോശമായി പെരുമാറി എന്നാണ് ഇതിലുള്ളത്. 

2010 ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫിയില്‍ അവസരം തേടുമ്പോഴാണ് പരിചയക്കാരന്റെ ശുപാര്‍ശ വഴി ത്യാഗരാജന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. ത്യാഗരാജന്‍ തന്നെ എന്നും അടുത്തുനിര്‍ത്താന്‍ ശ്രമിച്ചു. തായ്​ലൻഡിലെ യുവതികള്‍ക്കൊപ്പം താന്‍ ചെലവഴിച്ച കാര്യം പറഞ്ഞു.

ഒരുദിവസം രാത്രി മൂന്നുതവണ താന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയുടെ കതകില്‍ മുട്ടി വിളിച്ചു. പുലര്‍ച്ചെ നാലുമണി വരെ ഇത് തുടര്‍ന്നു. അന്ന് ഞാന്‍ എന്റെ ജീവിതത്തെയും ശരീരത്തെയും ഭയപ്പെട്ടു. പേടിയകറ്റാന്‍ വേണ്ടി സുഹൃത്തുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഉറങ്ങാന്‍ പോലുമാവാതെയാണ് അടുത്തദിവസം രാവിലെ സെറ്റിലെത്തിയത്. 

മുറിയുടെ കതകു തുറക്കാത്തതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് ത്യാഗരാജന്‍ പറഞ്ഞത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ജോലിയുടെ പ്രതിഫലംപോലും നല്‍കാതെ സെറ്റില്‍നിന്ന് പറഞ്ഞുവിട്ടെന്നും പ്രതിക മേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Content Highlights: sexual allegation against actor stunt master thyagarajan prasanth film location