അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സീരിയല്‍ താരം ഉമാ നായര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയിരുന്നു. ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്ത് വന്നു. നടന്‍ ജയന് ഒരേയൊരു സഹോദരനെ ഉള്ളൂവെന്നും, ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണെന്നും അതില്‍ ഒരാള്‍  സീരിയലിലും മറ്റും സജീവമായി പ്രവര്‍ത്തിക്കുന്ന നടന്‍ ആദിത്യനാണെന്നും ലക്ഷ്മി പറഞ്ഞു.

ഇത് വരെ ഉമ എന്നൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും ലക്ഷ്മി ചോദിച്ചു. പരിപാടിയില്‍ ഉമ പറഞ്ഞിരുന്നത് ജയന്‍ മരിച്ചത് 1981 ലാണെന്നാണ്. എന്നാല്‍ ജയന്‍ മരിച്ചത് 1980 നവംബർ 16 നാണെന്നും അത് പോലും അറിയാതെയാണ് ബന്ധുത്വം പറയുന്നതെന്ന് ലക്ഷ്മി ആരോപിക്കുന്നു.

 

ഇതോടെ ലക്ഷ്മിയുടെ ഈ ആരോപണങ്ങൾ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് ഫെയ്‌സ്ബുക് ലൈവിലൂടെ സീരിയല്‍ താരം ഉമ നായര്‍ രംഗത്ത് വന്നു. തന്നെയും ആ ചാനലിനെയും അവതാരകയെയും അപമാനിക്കുന്ന വിഷയമായതിനാലാണ് താനൊരു മറുപടിയുമായി രംഗത്ത് വന്നതെന്ന് ഉമ പറഞ്ഞു.

ലക്ഷ്മി എന്ന് പറയുന്ന പെണ്‍കുട്ടി കുടുംബത്തിന്റെ  വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി താന്‍ സീരിയല്‍ രംഗത്ത് വന്നിട്ട് ഇതുവരെ ജയന്‍ എന്ന നടന്റെ  ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു.

 ജയന് ഒരു സഹോദരന്‍ മാത്രമേ ഉള്ളു അദ്ദേഹത്തിന് ഒരേ ഒരു മകളും  അത് ലക്ഷ്മിയാണ്. ഒരുപക്ഷെ ആ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാകാം ലക്ഷ്മി ഇത്തരം പ്രതികരണം നടത്തിയത്.  എന്നാല്‍ തനിക്ക് അങ്ങനെ ഒരു സ്ഥാനം ആവശ്യമില്ലെന്നും താൻ മാനഷ്ടക്കേസിന് പോയാൽ കോടതിയിൽ ലക്ഷ്മി ഉത്തരം പറയേണ്ടി വരുമെന്നും ഉമ പറഞ്ഞു.

Content Highlights : Serial Actress Uma Nair, Controversy, Actor Jayan