വാഹനാപകടവുമായി ബന്ധപ്പെട്ട നടി ഗായത്രി സുരേഷിന്റെ പ്രതികരണം എറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഒരു സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കവേ കാക്കനാട് വച്ചാണ് അപകടം നടന്നത്. എതിരേ വന്ന വാഹനവുമായി ഗായത്രിയുടെ കാർ ഇടിക്കുകയായിരുന്നു. വണ്ടി നിർത്താതെ മുന്നോട്ടെടുത്തപ്പോൾ നാട്ടുകൾ പിന്തുടർന്ന് ഗായത്രിയെയും സുഹൃത്തിനെയും തടയുകയും ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു

എന്നാൽ നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങൾ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം. ​ഗായത്രിയുടെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ വന്നുവെന്ന് പറയുകയാണ് സീരിയൽ നടൻ മനോജ് കുമാർ. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മനോജിന്റെ പ്രതികരണം.

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്‌നമാണ് അവരുടെ ന്യായീകരണമെന്നും തെറ്റ് പൂർണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറഞ്ഞു. 

"വണ്ടി ഇടിച്ചിട്ടും നിർത്താതെ പോയതുകൊണ്ടാണ് ആളുകൾ രോഷത്തോടെ പെരുമാറിയതെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി. അത് സ്വാഭാവികമാണ്. ആർക്കായാലും ദേഷ്യം വരും. ഗായത്രിയുടെ ഭാഗത്തു തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവർ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്‌നങ്ങളുള്ളതാണ്.

ഗായത്രിയുടെ ന്യായീകരണം അവരൊരു സെലിബ്രിറ്റിയായത് കൊണ്ടും ആളുകുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടുമാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ അവരങ്ങനെ പേടിക്കേണ്ടതില്ല. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. നമ്മൾ മര്യാദ കാണിച്ചാൽ തിരിച്ചും മര്യാദ കാണിക്കും എന്നതാണ് എന്റെ അനുഭവം.

നിർത്താതെ പോയതാണ് പ്രശ്‌നം. ആരായാലും വാഹനം നിർത്താതെ പോകരുത്. ആരു വണ്ടിയിടിച്ചാലും വാഹനത്തിൽനിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടരുത്. അപകടം ആർക്കും സംഭവിക്കാം. പക്ഷേ ഇതിനു ശേഷമുള്ള ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് സങ്കടം തോന്നിയത്. വണ്ടി നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങള്‌ ചെയ്തിട്ടുള്ളൂ എന്നാണ് അവർ പറയുന്നത്. അതെന്താ, അവർ ചെയ്തത് തെറ്റല്ലേ. വണ്ടിയോടിച്ച് അപകടമുണ്ടാകുമ്പോൾ നിർത്താതെ പോകുക എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാൾ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാൻ പറ്റാത്തതാണ്. തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കണം.  എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാൽ ഗായത്രി അതുവേറേ വഴിക്കാക്കി. കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഈ ന്യായീകരണം. പിന്നീട് മറ്റൊരു വീഡിയോയിൽ ഇവർ നേരത്തെ പറഞ്ഞ കാര്യങ്ങൾ മാറ്റി പറഞ്ഞത് ഞെട്ടിച്ചു. അങ്ങനെ ചെയ്യുന്നത് ശരിയല്ല. 

ആർട്ടിസ്റ്റുകളുടെ വായിൽനിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാൽ, പിന്നെ ട്രോളുകളാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ എന്തും പറയാവൂ.  സെലിബ്രിറ്റികളുടെ കാര്യത്തിൽ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്. 

അപകടം പറ്റിയശേഷം ന്യായീകരിക്കുന്നത് തെറ്റാണ്. വിമർശനാത്മകമായി പറഞ്ഞതല്ല, ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാണ്. അറിയപ്പെടുന്നവർ റോൾ മോഡലാവാനാണ് ശ്രമിക്കേണ്ടത്. നിയമം എല്ലാവർക്കും തുല്യരാണ്. അതുകൊണ്ട് നാട്ടുകാരും കലാകാരന്മാരോട് അനുഭാവപൂർവം പെരുമാറുക. അവർക്കും അബദ്ധം പറ്റും. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.." മനോജ് പറയുന്നു

content highlights : Serial Actor Manoj Kumar on Gayathri Suresh Accident controversy