Senthil Rajamani
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന് വിനയന്. ചിത്രത്തില്‍ സെന്തില്‍ രാജാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ചിരുകണ്ടന് എന്ന കഥാപാത്രത്തെയാണ് സെന്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ചിരുകണ്ടന്. മനസ്സിനെ ആര്‍ദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടന് സെന്തില്‍ കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായി ചിരുകണ്ടന് പ്രേക്ഷകന്റെ ഓര്‍മ്മയിലുണ്ടാവുമെന്ന് വിനയന് കുറിക്കുന്നു.
വിനയൻ പങ്കുവച്ച കുറിപ്പ്
'പത്തൊമ്പതാം നൂറ്റാണ്ടി' ന്റെ അഞ്ചാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുകയാണ്..'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന എന്റെ ചിത്രത്തിലൂടെത്തന്നെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച സെന്തില്‍ രാജാമണി അവതരിപ്പിക്കുന്ന ചിരുകണ്ടന് എന്ന കഥാപാത്രത്തെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്.. നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ പിന്നോക്കജാതിയില്‍ പെട്ട ഒരു ചെറുപ്പക്കാരനാണ് ചിരുകണ്ടന്..
അയിത്തത്തിന്റെ പേരില്‍ വിവിധ വിഭാഗത്തില്‍ പെട്ട അവര്‍ണ ജാതിക്കാര്‍ ഇത്രയിത്ര അടി ദൂരത്തിലെ നില്ക്കാവു എന്ന ദുഷിച്ച നിയമങ്ങള്‍ നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന് നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്.. അധസ്ഥിതര്‍ അന്ന് അനുഭവിച്ച ദുരിതപൂര്‍ണ്ണമായ ജീവിതത്തെപറ്റിയും യാതനകളെപ്പറ്റിയും ഇന്നത്തെ തലമുറയ്ക്ക് എത്രമാത്രം അറിവുണ്ടെന്നറിയില്ല..ശ്രീനാരായണഗുരുവും, ചട്ടമ്പിസ്വാമികളും, അയ്യങ്കാളിയും, സഹോദരന് അയ്യപ്പനും പോലുള്ള എത്രയോ നവോത്ഥാന നായകരുടെ സമര മുന്നേറ്റങ്ങളുടെ ഫലമാണ് നമ്മള് ഇന്നനുഭവിക്കുന്ന ജീവിതസ്വാതന്ത്ര്യം എന്നോര്‍ക്കേണ്ടതാണ്..
അവര്‍ക്കൊക്കെ മുന്നേ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് അധസ്ഥിതര്‍ക്കു വേണ്ടി പൊരുതിയ ധീരനും സാഹസികനുമായ പോരാളി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍... സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വേലായുധപ്പണിക്കര്‍ നായകനായി വരുന്ന ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് 'ചിരുകണ്ടന്'. മനസ്സിനെ ആര്‍ദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടന് സെന്തില്‍ 'ചിരുകണ്ടനെ' അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായി ചിരുകണ്ടന് എന്ന കഥാപാത്രം പ്രേക്ഷകന്റെ ഓര്‍മ്മയിലുണ്ടാവും..
ചില ജോലികള്‍ ചെയ്തു കഴിയുമ്പോള്‍ ഇതായിരുന്നു നമ്മുടെ ജന്മദൗത്യം എന്നു തോന്നിയേക്കാം.. പത്തൊന്‍പതാം നൂറ്റാറ്റാണ്ടിന്റെ തൊണ്ണൂറു ശതമാനം ഷൂട്ടിംഗ് കഴിഞ്ഞ ഈ അവസരത്തില്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.. അതിന് എന്റെ കൂടെ സര്‍വ്വ ഊര്‍ജ്ജവും പകര്‍ന്നു നിന്ന ഗോകുലം ഗോപാലേട്ടന് സ്നേഹാദരങ്ങള്‍..
ഈ മഹാമാരിയുടെ കാഠിന്യം ഒട്ടൊന്നു ശമിച്ചു കഴിഞ്ഞ് മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ക്ലൈമാക്സും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ അത് ചലച്ചിത്രകാരന് എന്ന നിലയില്‍ എന്റെ വലിയ ജീവിത വിജയമായിരിക്കും എന്നു ഞാന്‍ കരുതുന്നു...
നമ്മളെന്തൊക്കെ നന്മ പറഞ്ഞാലും ഈ ഭൂമിയില്‍ നിന്ന് ഒരിക്കലും തുടച്ചു മാറ്റാന്‍ കഴിയാത്ത ദുഷ്ട വികാരങ്ങളാണ് പകയും, അസൂയയും.. അത്തരം ചില വികാരങ്ങളുടെ വേലിയേറ്റം കൊണ്ടു മാത്രം എന്റെ ചില സിനിമാ സുഹൃത്തുക്കള്‍ എനിക്കു മുന്നില്‍ സൃഷ്ടിച്ച പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് ഇപ്പഴും ഇത്ര വലിയൊരു സിനിമചെയ്യാന്‍ കഴിയുന്നത് സത്യത്തിന്റെ മഹത്വവും ഈശ്വരാനുഗ്രഹവും കൊണ്ടു മാത്രമാണന്ന് ഞാന്‍ വിശ്വസിക്കുന്നു.. ആ വിശ്വാസം പൂര്‍ണ്ണമാക്കുന്നത് ഏതു പ്രതിസന്ധിയിലും നിര്‍ലോഭമായി സ്നേഹവും സപ്പോര്‍ട്ടും എനിക്കു തന്ന നിങ്ങള്‍ സുഹൃത്തുക്കളാണ്.
സിജു വിത്സനാണ് ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും ചിത്രത്തിലെത്തുന്നുണ്ട്. നേരത്തെ ചിത്രത്തില്‍ സുരേഷ് കൃഷ്ണ, അനൂപ് മേനോന്, സുദേവ് നായര്‍, ദീപ്തി സതി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു.
content highlights : Senthil Rajamani's character poster from Pathonpatham Noottandu directed by Vinayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..