selfiee
പുതിയ ചിത്രം സെല്‍ഫിയുടെ പരാജയത്തെ തുടര്‍ന്ന് അക്ഷയ് കുമാറിന്റെ ന്യൂജേഴ്‌സി കണ്‍സേര്‍ട്ട് റദ്ദാക്കി. ടിക്കറ്റ് വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. അതേ സമയം ന്യൂജേഴ്‌സിയില്‍ വച്ച് നടക്കുന്ന എന്റര്‍ടൈനേഴ്‌സ് ടൂറില്‍ അക്ഷയ് കുമാറിനൊപ്പം നോറ ഫത്തേഹി, മൗനി റോയ്, ദിഷ പഠാണി എന്നിവര്‍ പങ്കെടുക്കും.
അക്ഷയ് കുമാറിന്റെ സമീപകാലത്തെ ഏറ്റവും വലിയ പരാജയത്തിലേയ്ക്ക് നീങ്ങുകയാണ് മലയാള ചിത്രം 'ഡ്രൈവിങ് ലൈസന്‍'സിന്റെ ഹിന്ദി പതിപ്പായ 'സെല്‍ഫി'. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് ആദ്യദിനം മുതല്‍ ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റീലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയുള്ള ദിവസങ്ങളില്‍ 3.75 കോടി, 3.90 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. മൂന്ന് ദിനങ്ങള്‍ കൊണ്ട് 10 കോടിയോളമാണ് ചിത്രം നേടിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ താരത്തിന്റെ ഏറ്റവും കുറഞ്ഞ ആദ്യവാര കളക്ഷനിലേയ്ക്കാണ് ചിത്രം നീങ്ങുന്നത്.
കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ 'ബച്ചന്‍ പാണ്ഡെ', 'സാമ്രാട്ട് പൃഥ്വിരാജ്', 'രാമസേതു', 'രക്ഷാബന്ധന്‍' എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പരാജയമായെങ്കിലും ആദ്യവാരം 'ബച്ചന്‍ പാണ്ഡെ' 36.17 കോടിയും 'സാമ്രാട്ട് പൃഥ്വിരാജ്' 39.40 കോടിയും 'രക്ഷാബന്ധന്‍' 28.16 കോടിയും 'രാമസേതു' 55.48 കോടിയും നേടിയിരുന്നു. സെല്‍ഫിയുടെ കളക്ഷന്‍ ഇതിനും താഴെയായിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
അതേസമയം, ബോക്‌സോഫീസില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ പ്രതികരണവുമായി അക്ഷയ് കുമാര്‍ എത്തിയിരുന്നു. തന്നെ സംബന്ധിച്ച് തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. തന്റെ കരിയറില്‍ തുടര്‍ച്ചയായി 16 ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. തുടര്‍ച്ചയായി എട്ട് ചിത്രങ്ങള്‍ വിചാരിച്ചത് പോലെ സ്വീകരിക്കപ്പെടാത്ത സമയമുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ മൂന്നോ നാലോ ചിത്രങ്ങള്‍ക്കാണ് കരുതിയ വിജയംനേടാനാകാത്തതെന്നും അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയറാണ് 'ഡ്രൈവിങ് ലൈസന്‍സ്' സംവിധാനം ചെയ്തത്. 2019-ല്‍ റിലീസായ ഡ്രൈവിങ് ലൈസന്‍സ് മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരണ്‍ ജോഹര്‍ സ്വന്തമാക്കിയത്.
പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ഇമ്രാന്‍ ഹാഷ്മിയും വേഷമിടുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. റിഷഭ് ശര്‍മയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.
Content Highlights: selfiee box office collection, akshay kumar, driving license remake,


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..