കാൻസർ അതിജീവന പോരാട്ടത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. നന്ദുവിന്റെ വിയോ​ഗം നൽകിയ ഞെട്ടലാണ് നടി സീമ ജി. നായർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നന്ദുവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സീമ. എന്നും യശോദയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് എന്നാണ് സീമ കുറിക്കുന്നത്.

സീമയുടെ കുറിപ്പ്

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി . ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകത്തേക്ക് എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോദയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് എന്നാണ് സീമ ജി നായരുടെ കുറിപ്പ്.

ഞാനടക്കം പലരെയും പ്രചോദിപ്പിച്ചതിനും നന്ദിയെന്നാണ് നന്ദുവിന് ആദരാഞ്ജലി നേർന്ന് നടി മഞ്ജു വാര്യർ കുറിച്ചത്. അതിജീവനത്തിന്റെ രാജകുമാരന് പ്രണാമം . കാൻസർ എന്ന രോഗത്തിനെ തന്റെ ചിരിയിലൂടെ തോൽപ്പിച്ച നന്ദു ഒടുവിൽ വിടവാങ്ങിയെന്ന് നടൻ ഉണ്ണി മുകുന്ദൻ കുറിച്ചു.

ദീർഘനാളായി കാൻസറിനോട് പൊരുതുകയായിരുന്ന നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങുന്നത്.

Content Highlights : Seema G Nair on Nandu Mahadeva death Manju Warrier Unni Mukundan remembers Nandu Mahadeva